Breaking
Tue. May 26th, 2026

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

തിരുവനന്തപുരം: കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം. തൊഴിലാളി വിരുദ്ധനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ കോണ്‍ഗ്രസിന്റെ വരാന്തയില്‍ പോലും കയറ്റരുതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍ മാളത്തില്‍ നിന്ന് പുറത്തു വരുന്ന വിഷ ജന്തുക്കളെ കോണ്‍ഗ്രസ് സൂക്ഷിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

പദവിയില്‍ ഇരുന്നപ്പോള്‍ ഉള്ള അഴിമതികള്‍ അന്വേഷിക്കുമെന്ന എന്ന ഭയമാണ് ബിജു പ്രഭാകറിന്റെ കോണ്‍ഗ്രസ് പ്രേമത്തിന് പിന്നിലെന്നും പ്രമേയത്തില്‍ പറയുന്നു. നേരത്തെ പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷമെന്ന സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന വിവാദമായി മാറുകയും ചെയ്തിരുന്നു.

‘നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’ എന്ന സ്വന്തം പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് ആരുമറിയാതെ വൈദ്യുതി നിയന്ത്രണം നടത്തിയിരുന്നതായി ബിജു പ്രഭാകര്‍ പറഞ്ഞത്. വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണല്‍ എഞ്ചിനീയര്‍മാര്‍ കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും, ജനങ്ങള്‍ അറിയാതെ തന്നെ പവര്‍കട്ട് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജ് ഡയറക്ടര്‍ ആയിട്ട് ഇരുന്ന ആളാണ്. എന്റെ അടുത്ത് ട്രാന്‍സ്മിഷന്‍ ഡയറക്ടര്‍ വന്നിട്ട് ചോദിക്കും, സാറേ ഇന്ന് വൈദ്യുതിയുടെ കുറവുണ്ട് എന്ത് ചെയ്യണം എന്ന്. ആരും അറിയാത്ത രീതിയില്‍ നമുക്ക് ലോഡ് ഷെഡ്ഡിങ് ചെയ്യാം. ഞാന്‍ എത്രയോ പ്രാവശ്യം വേനല്‍ കാലത്തും അല്ലാതെയും ചെയ്തിട്ടുണ്ട്. 10 വര്‍ഷം ഒന്നും വൈദ്യുതി നിയന്ത്രണം ഇല്ല എന്നൊക്കെ പറയുന്നത് തെറ്റായിട്ടുള്ള ഒരു വ്യാഖ്യാനം ആണ്.’ എന്നാണ് ബിജു പ്രഭാകര്‍ പറഞ്ഞതു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *