ഒമാന്‍ സന്ദര്‍ശനത്തിനു ശേഷം ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വീണ്ടും പാകിസ്താനിലെത്തുമെന്ന് റോയിട്ടേഴ്‌സ്. റഷ്യയിലേക്ക് പോകും മുമ്പാണ് വീണ്ടും പാകിസ്താനില്‍ എത്തുക. അമേരിക്കന്‍ പ്രതിനിധി സംഘത്തിന്റെ വരവിനു കാത്തു നില്‍ക്കാതെ ഇറാന്‍ സംഘം ഇന്നലെ ഇസ്ലാമാബാദ് വിട്ടതോടെ അമേരിക്ക-ഇറാന്‍ ചര്‍ച്ച വീണ്ടും അനിശ്ചിതത്വത്തിലായിരുന്നു.
യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള പ്രായോഗികമായ ചട്ടക്കൂടിനെക്കുറിച്ചുള്ള ഇറാന്റെ നിലപാട് മധ്യസ്ഥ രാജ്യമായ പാകിസ്താനുമായി പങ്ക് വച്ചതായി അബ്ബാസ് അരഗ്ചി പറഞ്ഞു. നയതന്ത്രത്തെ അമേരിക്ക ഗൗരവമായി കണക്കാക്കുന്നുണ്ടോ എന്ന് അറിയാനിരിക്കുവെന്നും അരഗ്ചി പറഞ്ഞു. അരഗ്ചി ഇന്നലെ ഇസ്ലാമാബാദ് വിട്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രതിനിധി സംഘത്തിന്റെ ഇസ്ലാമാബാദ് യാത്ര ട്രംപ് റദ്ദാക്കിയിരുന്നു.
ഇറാന് ഏതു സമയത്തും അമേരിക്കയെ ബന്ധപ്പെടാമെന്ന് ട്രംപ് പറഞ്ഞു. യാത്രയ്ക്കായി സമയം പാഴാക്കാനില്ലെന്നും ട്രംപ് പറയുന്നു. ഇറാന്റെ നേതൃത്വം ആര്‍ക്കാണെന്ന് അവര്‍ക്കു പോലും അറിയില്ലെന്നും പരിഹസിച്ചു.
