2026 നവംബർ 28 ശനി
പ്രതികളായ അനീഷ് (ഇടത്ത്) സുജിത്ത് (വലത്ത്) കോഴിക്കോട്: നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പുതുപ്പാടി പെരുമ്പള്ളി സ്വദേശിനിയായ ഇരുപതുകാരിയെ പലതവണ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. നരിക്കുനി ഭാഗത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ദലിത് പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. അടിവാരം–കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറും ക്ലീനറുമാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ സ്വദേശികളായ കെ.കെ. അനീഷ് (38), പി.എസ്. സജിത്ത് (24) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ അനീഷ് ബസിന്റെ ഡ്രൈവറും സജിത്ത് ക്ലീനറുമാണ്.
പൊലീസിന് യുവതി നൽകിയ മൊഴിപ്രകാരം കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി പീഡനത്തിനിരയായത്. ജോലി കഴിഞ്ഞ് നരിക്കുനി ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടെ പിതാവിന്റെ പരിചയക്കാരായ പ്രതികൾ കാറിലെത്തി യുവതിയെ സമീപിക്കുകയായിരുന്നു. മയക്കുമരുന്ന് നൽകി ബോധം കെടുത്തിയശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് യുവതിയുടെ നഗ്നഫോട്ടോകളും വീഡിയോകളും പകർത്തി, ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കി. പിന്നീട് സ്വകാര്യ ബസിൽ കയറ്റിക്കൊണ്ടുപോയി പലതവണയായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. അടിവാരത്തും പരിസരപ്രദേശങ്ങളിലും ഒന്നാം വളവിന് സമീപത്തെ ആൾപ്പെരുമാറ്റം കുറഞ്ഞ സ്ഥലത്ത് നിർത്തിയിട്ട ബസിൻ്റെ ഷട്ടറുകൾ താഴ്ത്തിയശേഷം പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി.
ഇരുവർക്കും പുറമെ കണ്ടാൽ തിരിച്ചറിയാവുന്ന ചിലരും പീഡനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് യുവതി സൂചന നൽകി. ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ലൈംഗികവും മാനസികവുമായ പീഡനം സഹിക്കാനാകാതെ യുവതി ആദ്യം കൊടുവള്ളി പൊലീസിലും പിന്നീട് കാക്കൂർ പൊലീസിലും പരാതി നൽകിയിരുന്നു. തുടർന്ന് കേസ് അന്വേഷിച്ച താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പീഡനവുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും അന്വേഷിച്ചുവരികയാണെന്ന് താമരശ്ശേരി ഡിവൈഎസ്പി കെ.എ ബോസ് അറിയിച്ചു.
