Breaking
Sun. Nov 22nd, 2026

വയറുവേദനയുമായി ചികിത്സ തേടിയെത്തിയ എട്ടുവയസുകാരന്റെ മരണം; തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ കേസ്

2026 നവംബർ 22 ഞായർ

കോഴിക്കോട്: തിരുവമ്പാടിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ എട്ട് വയസുകാരന്‍ മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇഹ്‌സാന്‍ ഷമീറിന്റെ മരണത്തില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ്. മെയ് 15നാണ് കുട്ടി വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. രോഗാവസ്ഥ ശരിയായി വിലയിരുത്തുന്നതിലും കൃത്യമായ പരിശോധന നടത്തുന്നതിലും ചികിത്സയിലും വീഴ്ച വരുത്തിയെന്നും, തുടര്‍ന്ന് കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി മരണപ്പെട്ടുവെന്നുമാണ് പരാതി. അശ്രദ്ധ മൂലമുള്ള മരണം എന്ന കുറ്റം ചുമത്തിയാണ് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കേസെടുത്തത്.

മകന് വയറുവേദന മാത്രമായാണ് ആദ്യം ആശുപത്രിയില്‍ കാണിക്കാന്‍ പോയതെന്നും, ആദ്യം മരുന്ന് നല്‍കി വീട്ടിലേക്ക് വിട്ടെന്നും കുട്ടിയുടെ മാതാവ് വ്യക്തമാക്കി. വേദന തീരെ കുറയാത്തതോടെയാണ് അഡ്മിറ്റ് ചെയ്തത്. അഡ്മിറ്റ് ചെയ്ത ശേഷവും കൃത്യമായ ടെസ്റ്റുകള്‍ ചെയ്യാത്തതിനാലാണ് യഥാര്‍ത്ഥ കാരണം അറിയാതെ പോയതെന്നും അവര്‍ ആരോപിച്ചു. വയറുമായി ബന്ധപ്പെട്ട സ്‌കാന്‍ ചെയ്യണമെന്ന് തങ്ങള്‍ ചോദിച്ചപ്പോള്‍, മഞ്ഞപ്പിത്തം കരള്‍ വീക്കവുമായി ബന്ധപ്പെട്ടതാണെന്ന നിലയില്‍ നിസാരമായി കണ്ടെന്നും അടുത്ത ദിവസം ചെയ്യാമെന്ന് പറഞ്ഞ് ഒഴിവാക്കിയെന്നും അവര്‍ വ്യക്തമാക്കി.

പിറ്റേന്ന് കുഴപ്പമില്ലെന്നും ശരിയായിക്കോളുമെന്നും പറഞ്ഞ് 25ാം തീയതി ഡിസ്ചാര്‍ജ് ചെയ്തുനല്‍കി. ഡിസ്ചാര്‍ജ് ചെയ്യുമ്പോഴും മകന് കുറവൊന്നുമുണ്ടായിരുന്നില്ലെന്നും, ആശുപത്രിയിലെത്തിയ ശേഷം എപ്പോഴും ഒരേ കിടപ്പായിരുന്നെന്നും ചര്‍മം മഞ്ഞ നിറത്തിലായിരുന്നെന്നും അവര്‍ പറഞ്ഞു. ഡോക്ടറുടെ ശ്രദ്ധക്കുറവ് കാരണമാണ് എട്ട് വയസുള്ള മകനെ നഷ്ടപ്പെട്ടതെന്നും, ഈ കേസ് മുന്നോട്ടുപോകണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തനിക്കുണ്ടായതുപോലൊരു ദുരവസ്ഥ ഇനിയൊരു ഉമ്മയ്ക്കും ഉണ്ടാകരുതെന്നും, കുട്ടികളുടെ കാര്യത്തില്‍ കൃത്യമായി അറിയാത്ത പക്ഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനെങ്കിലും അവര്‍ക്ക് പറയാമായിരുന്നെന്നും കുട്ടിയുടെ മാതാവ് കൂട്ടിച്ചേര്‍ത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *