Breaking
Thu. Nov 19th, 2026

വിഴിഞ്ഞത്ത് 12 പദ്ധതികൾ: കേന്ദ്രാനുമതി തേടി കേരളം

2026 നവംബർ 19 വ്യാഴം

ന്യൂഡൽഹി ∙ രാജ്യത്തിന്റെ പ്രധാന ട്രാൻസ്ഷിപ്മെന്റ് കേന്ദ്രമാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനുള്ള ബൃഹത്പദ്ധതിക്കു കേരളം കേന്ദ്രാനുമതി തേടി. 1,03,500 കോടി രൂപ ചെലവിൽ 12 പദ്ധതികളടങ്ങുന്ന പട്ടിക മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി. സമുദ്ര–വ്യോമ ഗതാഗത, കപ്പൽ നിർമാണ, ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാനാണ് ഈ 12 പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

ഭൂമി, സംസ്ഥാന വിഹിതം എന്നിവ നൽകാൻ കേരളം തയാറാണെന്നും കത്തിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ പിഎം ഗതിശക്തി, സാഗർമാല, ഭാരത്‌മാല, റെയിൽവേ വികസനം എന്നിവയിൽപ്പെടുത്തി പദ്ധതിക്കു തത്വത്തിൽ അംഗീകാരം നൽകണമെന്നതാണ് മുന്നോട്ടുവച്ച അടിയന്തര ആവശ്യം. കപ്പൽനിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഹരിത ഇന്ധനം, തുറമുഖ അനുബന്ധ വ്യവസായങ്ങൾ, റെയിൽ–റോഡ് വികസനം, വിമാനത്താവള വികസനം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി വരുമെന്നാണ് വിവരം. കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ 1.54 ലക്ഷം കോടി രൂപയുടെ പദ്ധതികൾ കേരളം നൽകിയിരുന്നു.

ഇതിൽ നിന്നു മുൻഗണന നൽകി തിരഞ്ഞെടുത്ത 12 പദ്ധതികൾക്കാണ് ഇപ്പോൾ 1.035 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്നത്. പദ്ധതികൾ കേന്ദ്ര മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ച് നടപ്പാക്കാൻ പ്രത്യേക നോഡൽ സംവിധാനം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനു പുറമേ വിവിധ മേഖലകളിൽ പ്രത്യേകമായി ചൂണ്ടിക്കാട്ടിയിട്ടുള്ള പദ്ധതിച്ചെലവുകളെക്കുറിച്ചും കത്തിൽ പരാമർശമുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *