2026 നവംബർ 17 ചൊവ്വ
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികളിലെ നേട്ടം തുടരുന്നു. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും ചൊവ്വാഴ്ചയും നേട്ടമുണ്ടാക്കി. ഏകദേശം ഒരു ശതമാനം നേട്ടമാണ് ഇരു സൂചികകള്‍ക്കുമുണ്ടായത്. എണ്ണവിലയിലെ ഇടിവാണ് സൂചികകളുടെ മുന്നേറ്റത്തിന് കരുത്ത് പകരുന്നത്.
സെന്‍സെക്‌സ് 700 പോയിന്റ് ഉയര്‍ന്ന് 83,000 പോയിന്റിനടുത്തെത്തി. 25,500 പോയിന്റിലാണ് നിഫ്റ്റിയുടെ വ്യാപാരം. ഈ വര്‍ഷം ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് നിഫ്റ്റി ഇത്രയും നേട്ടമുണ്ടാക്കുന്നത്. ബിഎസ്ഇ കമ്പനികളുടെ വിപണിമൂല്യത്തില്‍ മൂന്ന് ലക്ഷം കോടിയുടെ നേട്ടമുണ്ടായി.
ഏഷ്യന്‍ പെയിന്റ് ഓഹരികള്‍ മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്നു. ആക്‌സിസ് ബാങ്ക്, എസ്ബിഐ, ടിസിഎസ്, ട്രെന്റ്, എറ്റേണല്‍, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ ഉയര്‍ന്നു. പവര്‍ ഗ്രിഡ്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ക്ക് തിരിച്ചടിയേറ്റു.
എണ്ണവില 92 ഡോളറിനും താഴെ പോയത് വിപണിക്ക് കരുത്തായി. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ കുറവുണ്ടായതോടെയാണ്എണ്ണവില ഇടിഞ്ഞത്. ഇതിനൊപ്പം വിദേശനിക്ഷേപകരുടെ വാങ്ങലും വിപണിക്ക് കരുത്തായി. വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച 4,604 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. വിദേശനിക്ഷേപകര്‍ വിപണിയില്‍ വാങ്ങല്‍ തുടങ്ങിയതിന് ശേഷം ഏകദേശം 94,000 കോടിയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഇതിനൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നിട്ടുണ്ട്. 93.5775ലാണ് രൂപ വ്യാപാരം നടത്തുന്നത്.
