Breaking
Sun. Nov 15th, 2026

മമ്മൂട്ടി ബ്രാൻഡ് അംബാസഡർ; റോഡ് സുരക്ഷയ്ക്ക് പുതിയ പദ്ധതിയുമായി സർക്കാർ

2026 നവംബർ 15 ഞായർ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ റോഡ് സുരക്ഷാ പദ്ധതിയായ ‘ജീവ-സുയാത്ര’യ്ക്ക് കൊച്ചിയിൽ തുടക്കമായി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് മമ്മൂട്ടി.

പരിചയമില്ലാത്ത ആളുകൾ പോലും ഇന്ന് റോഡിൽ പരസ്പരം മത്സരിക്കുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് റോഡുകളിലെ തിരക്കും അപകടസാധ്യതയും കൂടുകയാണ്. റോഡുകൾ എത്ര മെച്ചപ്പെടുത്തിയാലും വാഹനപ്പെരുപ്പം നിയന്ത്രിക്കാനായില്ലെങ്കിൽ തിരക്ക് കുറയില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. വാഹനപ്രേമിയായിരുന്നിട്ടും റോഡുകളിലെ തിരക്കും വാഹനബാഹുല്യവും കാരണം ഇപ്പോൾ വാഹനം ഓടിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

റോഡ് നിയമങ്ങൾ പാലിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. നടപടികളെടുക്കുമ്പോൾ രാഷ്ട്രീയക്കാരുടെ ശുപാർശകളെ ഉദ്യോഗസ്ഥർ ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമലംഘകർക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നും ജനപ്രതിനിധികളുടെ ശുപാർശകൾക്ക് വഴങ്ങേണ്ടതില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

കൊച്ചിയിലെ ഗതാഗത സാഹചര്യങ്ങളിൽ മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, അടുത്ത ആറുമാസത്തിനുള്ളിൽ റോഡ് സുരക്ഷാ രംഗത്ത് കൃത്യമായ മാറ്റം കൊണ്ടുവരാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും വ്യക്തമാക്കി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *