Breaking
Sun. Nov 15th, 2026

നെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ; ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

2026 നവംബർ 15 ഞായർ

കൊച്ചി: നെടുമ്പാശേരിയിൽ മൂന്നുപേരുടെ ജീവനെടുത്ത മിനി കൂപ്പർ വാഹനാപകടത്തിൽ അതിവേഗം കുറ്റപത്രം തയാറാക്കി അന്വേഷണസംഘം. പ്രതി സുഹൈൽ സജീവിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തിയുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്. എറണാകുളം റൂറൽ പൊലീസ് മേധാവി സുദർശന്റെ കീഴിൽ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. വാഹനാപകടം നടന്ന് ഒരു മാസം മാത്രം പിന്നിടുമ്പോഴേക്കും കുറ്റപത്രമെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ഇഡിആര്‍ പരിശോധനാഫലം ശരിവച്ചിരുന്നു. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുന്‍പ് വേഗത 162 കിലോമീറ്ററായിരുന്നുവെന്നും, വാഹനം 500 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 11 സെക്കന്‍ഡ് കൊണ്ടാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബിഎംഡബ്ല്യൂ അന്വേഷണസംഘത്തിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. വാഹനത്തിന്റെ വേഗത, അപകടസമയത്ത് ബ്രേക്ക് ചെയ്തിരുന്നോ, മറ്റ് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നോ, അന്ന് വാഹനം സഞ്ചരിച്ച ദൂരം തുടങ്ങിയ സമഗ്ര വിവരങ്ങള്‍ ഇഡിആറില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതിലെ വിവരങ്ങള്‍ പൂര്‍ണമായി ശേഖരിക്കുന്നത് വാഹനത്തിന്റെ സ്വകാര്യതയെ ബാധിക്കുന്നതുകൊണ്ട്, ജര്‍മനിയിലെ ബിഎംഡബ്ല്യൂ ഹെഡ്ക്വാട്ടേഴ്സിലെത്തിച്ച് വിദഗ്ധ സഹായത്തോടെ പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു. അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കേസിൽ സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് മേല്‍ക്കോടതികളെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് കുടുംബം.

വാഹനത്തിന്റെ ആര്‍സി ഉടമയായ അമ്മയെ അന്വേഷണസംഘം ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. നെടുമ്പാശേരിയിൽ മിനി കൂപ്പര്‍ വാഹനത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സുഹൈലിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *