Breaking
Tue. May 26th, 2026

മലമ്പുഴയില്‍ സുരേഷ്, കഴക്കൂട്ടത്ത് പ്രേംകുമാര്‍ ?; ആകെ പുലിവാല് പിടിച്ച് സിപിഐഎം

പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന പല പ്രമുഖരും പാര്‍ട്ടിയോട് വിടപറയുന്നതും, എതിര്‍ചേരിയില്‍ ചേക്കേറുന്നതും അവര്‍ സ്ഥാനാര്‍ഥികളായി മാറുന്നതും സി പി ഐ എമ്മിന് തലവേദനയാവുകയാണ്. ചലചിത്ര അക്കാദമി ചെയര്‍മാനായിരുന്ന സിനിമാതാരം പ്രേംകുമാര്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന എ സുരേഷ് എന്നിവരാണ് യു ഡി എഫ് ക്യാമ്പില്‍ ഒരേ ദിനത്തില്‍ എത്തിയത്. സുരേഷ് കുമാറിനെ വി എസിന്റെ മണ്ഡലമായിരുന്ന മലമ്പുഴയില്‍ യു ഡി എഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എ സുരേഷിന് ഏറെ വേരുകളുള്ള മണ്ഡലമാണ് മലമ്പുഴ.

വി എസ് -പിണറായി പോര് രൂക്ഷമായിരുന്ന സമയത്താണ് വി എസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന എ സുരേഷിനെ പാര്‍ട്ടി നടപടിക്ക് വിധേയനാക്കുന്നത്. പാര്‍ട്ടിയില്‍ വിഭാഗീയത പൂര്‍ണമായും അവസാനിച്ചെങ്കിലും വി എസ് ഗ്രൂപ്പുകാരനായ എ സുരേഷിന് മുന്നില്‍ പാര്‍ട്ടിയുടെ വാതിലുകള്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. ഇതോടെയാണ് സുരേഷ് മറുകണ്ടം ചാടാന്‍ തീരുമാനിച്ചത്. മലമ്പുഴയില്‍ യു ഡി എഫിന്റെ സ്വതന്ത്രനായി സുരേഷ് മാറുമ്പോള്‍ അത് പാര്‍ട്ടി വോട്ടുകളിലടക്കം വിള്ളല്‍ വീഴുമോയെന്ന ആശങ്ക സി പി ഐ എം നേതൃത്വത്തിനുണ്ട്.

പ്രേംകുമാറിനെ കഴക്കൂട്ടത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയായും പരിഗണിക്കുന്നുണ്ട്. കഴക്കൂട്ടം എം എല്‍ എയും സി പി ഐ എം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം പ്രേംകുമാറിനെ കാണാനായി വീട്ടില്‍ എത്തിയെങ്കിലും കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞിരുന്നില്ല.പ്രേംകുമാറിനെ അനുനയിപ്പിക്കാന്‍ സി പി ഐ എം നേതൃത്വം നടത്തിയ ശ്രമങ്ങളൊന്നും വിജയം കാണാതെ വന്നതോടെ പ്രേംകുമാറും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കയാണ്. തിരുവനന്തപുരത്ത് നടന്ന ആശാസമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന അഭിപ്രായപ്രകടനമാണ് പ്രേംകുമാറിന് വിനയായത്. സി പി ഐ എം ജനറൽ സെക്രട്ടറി എം എം ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രേംകുമാര്‍ ഇക്കാര്യം പങ്കുവച്ചത്. ഇതോടെ സി പി ഐ എമ്മിന്റെ കണ്ണിലെ കരടായി പ്രേംകുമാര്‍ മാറുകയായിരുന്നു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും അപമാനിച്ച് പുറത്താക്കിയെന്നാണ് പ്രേംകുമാറിന്റെ ആരോപണം. അക്കാദമി അധ്യക്ഷസ്ഥാത്തുനിന്നും കാരണമില്ലാതെ പുറത്താക്കിയതില്‍ നേരത്തെ പ്രേംകുമാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. കാലാവധി അവസാനിച്ചതോടെ ഉണ്ടായ സ്വാഭാവിക മാറ്റമാണ് ഉണ്ടായതെന്നാണ് മന്ത്രിയുടെ പ്രതികരണം. എന്നാല്‍ പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി പ്രഖ്യാപിച്ച് ഒരു വര്‍ഷം കഴിയുമ്പോഴാണ് മാറ്റം. സ്ഥാനഭ്രഷ്ടനാക്കിയതുമായി ബന്ധപ്പെട്ട് പ്രേംകുമാര്‍ കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണമാണ് നിലപാടുമാറ്റത്തിനുള്ള തുടക്കം.

സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സാഹിത്യ അക്കാദമിയുടെ തലപ്പത്തിരിക്കുന്ന കവി സച്ചിതാനന്ദന്‍ കഴിഞ്ഞ ദിവസം ഇടത് മുന്നണിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച ഉണ്ടാവരുതെന്നായിരുന്നു സച്ചിതാനന്ദന്റെ നിലപാട്. ഇത്തരമൊരു പ്രസ്താവന നടത്തിയ സച്ചിതാനന്ദന്‍ അക്കാദമി ചെയര്‍മാനായി തുടരുന്നുവെന്നും, താന്‍ ഒരു അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍ പിറ്റേ ദിവസം തന്നെ മാറ്റിയെന്നുമായിരുന്നു പ്രേംകുമാറിന്റെ കുറിപ്പിലെ പ്രധാന ആരോപണം.

രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്താണ് സിനിമാ താരമായ പ്രേംകുമാര്‍ ചലചിത്രഅക്കാദമിയുടെ വൈസ് ചെര്‍മാനായി നിയമിതനായത്. സിപി ഐ എം സഹയാത്രികനെന്ന നിലയിലാണ് പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായും പിന്നീട് ചെയര്‍മാനായും പരിഗണിച്ചിരുന്നത്. സംവിധായകന്‍ രഞ്ജിത്തായിരുന്നു ആദ്യരണ്ടര വര്‍ഷം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. ബംഗാളി നടിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറിയതിനെ തുടര്‍ന്നാണ് വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറിന് സ്ഥാനക്കയറ്റം നല്‍കാന്‍ സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചത്.

എന്നാല്‍ ഐ എഫ് എഫ് കെ യുടെ 30 ാം പതിപ്പിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കവേയാണ് അപ്രതീക്ഷിതമായി അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഓസ്‌കാര്‍ ജേതാവുകൂടിയ റസൂല്‍ പൂക്കുട്ടിയെ നിയമിച്ചതായുള്ള അറിയിപ്പുവരുന്നത്. ഈ മാറ്റം താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയായിരുന്നു എന്നാണ് പ്രേംകുമാറിന്റെ ആരോപണം.

സി പി ഐ എം നേതൃത്വുമായി തെറ്റിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രേംകുമാറിനെ കണ്ട് പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. അനുകൂല നിലപാട് പ്രഖ്യാപിച്ച പ്രേംകുമാറിനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയാക്കുന്നത് തിരുവനന്തപുരത്ത് മറ്റു മണ്ഡലങ്ങളിലടക്കം ഗുണം ചെയ്യുമെന്നാണ് യു ഡി എഫ് നേതൃത്വം വിലയിരുത്തുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങവെ അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ വേറേയും വരുമെന്നാണ് യു ഡി എഫ് നേതൃത്വം പറയുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *