Breaking
Mon. May 25th, 2026

20-ാം വയസിൽ ദുരൂഹ മരണം; 24 വർഷങ്ങൾക്ക് ശേഷം നടി പ്രത്യുഷ കേസിൽ അന്തിമവിധി പറഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിൽ നടി പ്രത്യുഷയുടെ മരണത്തിൽ അന്തിമ വിധി പ്രസ്താവിച്ച് സുപ്രീം കോടതി. തെന്നിന്ത്യൻ സിനിമാ ലോകത്തെ പിടിച്ചുലച്ച മരണമായിരുന്നു പ്രത്യുഷയുടേത്. 2002 ൽ നടന്ന പ്രത്യുഷയുടെ മരണം ആത്മഹത്യയാണെന്ന കീഴ്ക്കോടതികളുടെ കണ്ടെത്തൽ സുപ്രീം കോടതി ശരി വച്ചു.

കൊലപാതകം, ബലാത്സം​ഗം എന്നീ വാദങ്ങൾ തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളിക്കളഞ്ഞു. ജസ്റ്റിസ് രാജേഷ് ബിന്ദൽ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രത്യുഷയുടെ മരണത്തിന് കാരണം വിഷം ഉള്ളിൽ ചെന്നതാണെന്ന് മെഡിക്കൽ തെളിവുകൾ വ്യക്തമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

കേസിലെ പ്രധാന പ്രതിയും അന്ന് പ്രത്യുഷയുടെ കാമുകനുമായിരുന്ന ​ഗുഡിപള്ളി സിദ്ധാർഥ് റെഡ്ഡിക്ക് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ലഭിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സിദ്ധാർഥ് നൽകിയ അപ്പീലും മകളുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പ്രത്യുഷയുടെ അമ്മ സരോജിനി ദേവി നൽകിയ ഹർജിയും കോടതി തള്ളി.

നാലാഴ്ചയ്ക്കുള്ളിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ സിദ്ധാർഥിനോട് കോടതി നിർദേശിച്ചു. 2002 ഫെബ്രുവരി 23 നാണ് പ്രത്യുഷയെയും സിദ്ധാർത്ഥിനെയും വിഷം കഴിച്ച നിലയിൽ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിനാൽ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു സിദ്ധാർത്ഥിന്റെ വാദം. ചികിത്സയിലിരിക്കെ പ്രത്യുഷ മരണപ്പെട്ടെങ്കിലും സിദ്ധാർത്ഥ് രക്ഷപ്പെട്ടു.

എന്നാൽ തന്റെ മകളെ സിദ്ധാർത്ഥും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു കൊന്നതാണെന്നും അന്നത്തെ രാഷ്ട്രീയ ഉന്നതരുടെ മക്കൾക്ക് ഇതിൽ പങ്കുണ്ടെന്നും സരോജിനി ദേവി ആരോപിച്ചിരുന്നു. 1988ൽ തെലുങ്ക് സൂപ്പർ താരം മോഹൻ ബാബുവിന്റെ ഒപ്പം സിനിമാ ജീവിതം ആരംഭിച്ച നടിയാണ് പ്രത്യുഷ.

തമിഴ്, തെലുങ്ക് ഭാഷകളിലായിരുന്നു അവർ തിളങ്ങിയത്. അഞ്ചു വർഷങ്ങൾ കൊണ്ട് 12 സിനിമകളിൽ പ്രത്യുഷ അഭിനയിച്ചു. സൂപ്പർ കുടുംബം, താവസി, കടൽപൂക്കൾ തുടങ്ങിയവയാണ് പ്രത്യുഷയുടെ ശ്രദ്ധേയ ചിത്രങ്ങൾ.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *