2026 നവംബർ 8 ഞായർ
കൊച്ചി: കൊച്ചിയിൽ ഡോക്ടർ പ്രതിയായ ബലാത്സംഗക്കേസിൽ പ്രതി ജോൺസൺ കെ. വർഗീസിനെ പിടികൂടാനാകാതെ പൊലീസ്. ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികളിലേക്ക് പൊലീസ് കടന്നു.
പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പരാതിക്കാരി നേരിട്ട മാനസികാഘാതം കണക്കിലെടുത്ത്, അതിക്രമം നടന്ന സ്ഥലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിനായി പ്രതിയെ എത്രയും വേഗം പിടികൂടേണ്ടതുണ്ടെന്നും പൊലീസ് കരുതുന്നു.
അതേസമയം, ഡോക്ടർ ജോൺസൺ കെ. വർഗീസിനെ മർദിച്ചെന്ന കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്ക് പുറമെ സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കടവന്ത്ര പൊലീസാണ് കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നത്.
