കല്‍പ്പറ്റ: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സ്മൃതി ദിനം ആചരിച്ചു. ഒക്ടോബര്‍ 21ന് രാവിലെ ഡി.എച്ച്.ക്യു ക്യാമ്പില്‍ ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസിന്റെ നേതൃത്വത്തില്‍ അനുസ്മരണ പരേഡ് നടന്നു. റിസര്‍വ് ഇന്‍സ്‌പെക്ടര്‍ പി. മനോജ് കുമാര്‍ പരേഡിന് നേതൃത്വം നല്‍കി. ജില്ലാ പോലീസ് മേധാവി സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. 2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ ഡ്യൂട്ടിക്കിടെ ജീവന്‍ നഷ്ടപ്പെട്ട രാജ്യത്തെ 154 പോലീസ് സേനാംഗങ്ങളുടെ പേരുവിവരങ്ങള്‍ വായിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
1959ല്‍ ഇന്ത്യചൈന അതിര്‍ത്തി തര്‍ക്കത്തിനിടെ ലഡാക്കിലെ ഹോട്ട് സ്പ്രിങ്‌സില്‍ കാണാതായ പോലീസ് സേനാംഗങ്ങളെ കണ്ടെത്തുന്നതിനായി പോയ സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തെ ധീരമായി ചെറുത്തുനിന്ന പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടിവന്നു. ഇവരുടെ ത്യാഗസ്മരണ പുതുക്കുന്നതിനായാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 21ന് രാജ്യവ്യാപകമായി പോലീസ് സ്മൃതി ദിനം ആചരിക്കുന്നത്.
ജില്ലാ പോലീസ് അഡീഷണല്‍ എസ്.പി. എന്‍.ആര്‍. ജയരാജ്, ഡിവൈ.എസ്.പിമാരായ എന്‍.ഒ. സിബി, എം.എം. അബ്ദുല്‍ കരീം, ടി.എ. അഗസ്റ്റിന്‍, പ്രവീണ്‍കുമാര്‍, ഷജു ജോസഫ്, മനോഹരന്‍ തച്ചമ്പത്ത്, ഇന്‍സ്‌പെക്ടര്‍മാര്‍, സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.
