മുട്ടില്: എന്റെ കുടുംബം ഡബ്ല്യു.എം.ഒയോടൊപ്പം എന്ന പ്രമേയത്തില് സംഘടിപ്പിക്കുന്ന വയനാട് മുസ്ലിം യതീംഖാന കുടുംബസന്ദര്ശനം ഒക്ടോബര് 20, 21 തിയ്യതികളില് നടക്കും. ഈ ദിവസങ്ങളില് രാവിലെ 9.30 മുതല് വൈകിട്ട് 4.30 വരെ വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില് നിന്നുള്ള കുടുംബങ്ങള് ഡബ്ല്യു.എം.ഒയിലെത്തും. കുടുംബസന്ദര്ശനത്തിന്റെ ഭാഗമായി ഡബ്ല്യു.എം.ഒ മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാര്ത്ഥികള് തയ്യാറാക്കുന്ന എക്സിബിഷന്, കാമ്പസ് വിസിറ്റ്, ദുആ സദസ്സ് എന്നിവയും നടക്കും. ദുആ സദസ്സിന് പാണക്കാട് സയ്യിദ് നാസര് ഹയ്യ് ശിഹാബ് തങ്ങള്, സയ്യിദ് മാനു തങ്ങള് വെള്ളൂര്, ഉസ്താദ് കെ.ടി ഹംസ മുസ്്ലിയാര്, ഉസ്താദ് മഹമൂദ് ഹൈതമി വാവാട്, വലിയ ഉസ്താദ് തുടങ്ങിയവര് നേതൃത്വം നല്കും.
20ാം തിയ്യതി രാവിലെ 9.30ന് ആരംഭിക്കുന്ന ആദ്യ സെഷനില് പനമരം, മീനങ്ങാടി, അമ്പലവയല്, പൂതാടി പഞ്ചായത്തില് നിന്നുള്ള കുടുംബങ്ങളാണ് യതീംഖാനയിലെത്തുക. 11 മണിക്ക് തിരുനെല്ലി, വെള്ളമുണ്ട, മാനന്തവാടി, എടവക, തവിഞ്ഞാല്, തൊണ്ടര്നാട് പഞ്ചായത്തുകളിലെയും ഉച്ചക്ക് 2 മണിക്ക് പുല്പ്പള്ളി, മുള്ളന്കൊല്ലി, സുല്ത്താന് ബത്തേരി, ചീരാല്, ചുള്ളിയോട്, നൂല്പ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെയും ജനങ്ങള് കുടുംബത്തോടൊപ്പം ഡബ്ല്യു.എം.ഒ സന്ദര്ശിക്കാനെത്തും. .
21ന് രാവിലെ 9.30ന് മുട്ടില്, കല്പ്പറ്റ, കണിയാമ്പറ്റ, 11 മണിക്ക് വൈത്തിരി, കോട്ടത്തറ, വെങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ, 2 മണിക്ക് പൊഴുതന, മൂപ്പൈനാട്, മേപ്പാടി എന്നിവിടങ്ങളില് നിന്നുള്ളവരും ഡബ്ല്യു.എം.ഒയിലെത്തും. കുടുംബാംഗങ്ങളെ വരവേല്ക്കാന് ഡബ്ല്യു.എം.ഒയില് വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിച്ചുവരുന്നത്. അയ്യായിരത്തിലധികം സ്്ക്വയര്ഫീറ്റില് എക്സിബിഷന് ഗ്രൗണ്ട് ഒരുങ്ങിക്കഴിഞ്ഞു. ക്യാമ്പസ് വിദ്യാര്ത്ഥികളുടെ കലാപരിപാടികളും സന്ദര്ശനത്തോടനുബന്ധിച്ച് അവതരിപ്പിക്കും.
മുക്കം മുസ്ലിം യതീംഖാനയുടെ മാതൃക മുന്നില്ക്കണ്ട്, 1967ല് സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളാണ് ഡബ്ല്യു.എം.ഒ എന്ന വലിയ സേവനയാത്രയ്ക്ക് വിത്തിട്ടത്. കെ.പി. ഹാജി, നീലിക്കണ്ടി കുഞ്ഞമ്മദ് ഹാജി,വാഴയില് കുഞ്ഞബ്ദുല്ല ഹാജി, കക്കോടന് മൂസ ഹാജി തുടങ്ങിയ മുന്ഗാമികള് ആ സ്വപ്നത്തിന് കരുത്തുപകര്ന്നു. പിന്നീട് എം.എ. മുഹമ്മദ് ജമാല് സാഹിബിലൂടെ ഡബ്ല്യു.എം.ഒ അനേകം ജീവിതങ്ങളെ സ്പര്ശിക്കുന്ന വലിയൊരു പ്രസ്ഥാനമായി വളര്ന്നു പന്തലിച്ചു. 2023 ഡിസംബര് 21ന് ജമാല് സാഹിബ് വിടപറഞ്ഞെങ്കിലും, അദ്ദേഹം മുന്നോട്ടുവെച്ച ആ വലിയ ദൗത്യം ഇന്നും തലമുറകളിലൂടെ സജീവമായി തുടരുന്നു.
ആരംഭകാലത്തെ ചെറിയൊരു അഭയകേന്ദ്രമെന്ന നിലയില് നിന്ന് ഇന്ന് കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില് നിര്ണായക സ്വാധീനമുള്ള സ്ഥാപനമായി ഡബ്ല്യു.എം.ഒ മാറി. ജില്ലയിലാകെ 29 സ്ഥാപനങ്ങളാണ് നിലവില് യതീംഖാനയുടെ കീഴില് പ്രവര്ത്തിച്ചുവരുന്നത്. ഇതില് രണ്ട് ആര്ട്സ് ആന്ഡ് സയന്സ് കോളജുകളും മൂന്ന് അറബിക് കോളജുകളും , ഒരു ഖുർആൻ കോളേജും ഇംഗ്ലീഷ് മീഡിയം സ്കൂളുകള് ഉള്പ്പെടെ 13 സ്കൂളുകളും ഉള്പ്പെടുന്നു. മൂന്ന് താലൂക്കുകളിലും പ്രധാന സര്ക്കാര് ആശുപത്രികളോട് ചേര്ന്ന് സേവനകേന്ദ്രങ്ങളും പ്രവര്ത്തിക്കുന്നുണ്ട്. സ്ത്രീധന സമ്പ്രദായത്തെ ഇല്ലാതാക്കാന് യതീംഖാന ആരംഭിച്ച സ്ത്രീധനരഹിത സമൂഹവിവാഹങ്ങള് ഏറെ ശ്രദ്ധിക്കപ്പെട്ടു. 1200ലധികം വധുവരന്മാരാണ് ഇതുവരെ ഡബ്ല്യു.എം.ഒയില് നടന്ന സമൂഹവിവാഹങ്ങളിലൂടെ പുതിയ ദാമ്പത്യജീവിതത്തിലേക്ക് ചുവടുവെച്ചത്.
‘റെസ്പെക്ട് ദ ചൈല്ഡ് ആസ് എ പേഴ്സണ്’ എന്ന ലളിതവും ശക്തവുമായ ആശയമാണ് പതിറ്റാണ്ടുകളായി മുട്ടില് യതീംഖാനയെ മുന്നോട്ട് നയിക്കുന്നത്. നിലവില് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില് നിന്നായി 619 ആണ്കുട്ടികളും 444 പെണ്കുട്ടികളുമടക്കം 1063 പേര് യതീംഖാന സ്ഥാപനങ്ങളിൽ താമസിച്ചുപഠിക്കുന്നുണ്ട്. വെറുമൊരു സ്ഥാപനത്തിനപ്പുറം, കരുതലും സ്നേഹവും അനുഭവിച്ചറിയുന്ന ഒരു വലിയ കുടുംബമായി ഡബ്ല്യു.എം.ഒ ഇന്നും വയനാടിന്റെ അടയാളമായി നിലകൊള്ളുന്നു.
അനേകം മനുഷ്യരുടെ ജീവിതത്തില് വെളിച്ചമേകിക്കൊണ്ടിരിക്കുന്ന വയനാട് മുസ്ലിം യതീംഖാനയില് നടക്കുന്ന കുടുംബസന്ദര്ശനത്തില് ജില്ലയിലെ മുഴവനാളുകളും കുടുംബസമേതം എത്തിച്ചേരണമെന്ന് ഡബ്ല്യു.എം.ഒ പ്രസിഡന്റ് പി.പി അബ്ദുല്ഖാദര്, ജനറല് സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി എന്നിവര് അഭ്യര്ത്ഥിച്ചു.
