2026 ഒക്ടോബർ 18 ഞായർ
കൊച്ചി: വഖഫ് ബോര്ഡിൽ യുഡിഎഫ് സര്ക്കാരിന്റേത് ഏഴാം കിട തീരുമാനമെന്ന് മുന് വഖഫ് ബോര്ഡ് ചെയര്മാന് കെ.എസ് ഹംസ. നിയമപരമായ കാര്യങ്ങള് തങ്ങള്ക്കൊരു പ്രശ്നമല്ലെന്നാണ് സര്ക്കാര് നിലപാട്. ആരും സര്ക്കാരിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും കെ.എസ് ഹംസ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ഹംസയുടെ പ്രതികരണം. സര്ക്കാര് എല്ലാ മര്യാദകളുടെയും സീമകള് ലംഘിച്ചു. ആളില്ലാത്ത വീട്ടില് കള്ളന് കയറിയത് പോലെയായിരുന്നു തീരുമാനം. കോടതി അവധിക്ക് പോകുന്ന ദിവസമാണ്സര്ക്കാരിന്റെ തീരുമാനം വന്നത്. ഈനിയമനങ്ങള് അംഗീകരിക്കാന് കഴിയില്ല. കോടതിയില് നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുമെന്നും കെ.എസ് ഹംസ പറഞ്ഞു. വഖഫ് ബോര്ഡ് പുനസംഘടിപ്പിച്ചത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കെ.എസ് ഹംസയുടെ ഹരജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.
ഉമീദ് നിയമത്തിന് വിരുദ്ധമായി വഖഫ് ബോര്ഡ് പിരിച്ചുവിട്ട നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹംസയുടെ ആവശ്യം. എന്നാല് ബോര്ഡ് പിരിച്ചുവിടാന് സര്ക്കാരിന് അധികാരമുണ്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എസ്. മനു സ്റ്റേ ആവശ്യം തള്ളി. വഖഫ് ബോര്ഡിനെതിരായ മറ്റു കേസുകള് പരിഗണിക്കുന്ന ഡിവിഷന് ബെഞ്ച് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ബോര്ഡിന്റെ പുനസഘടന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിന് വിധേയമായിരിക്കുമെന്നും കോടതി ഉത്തരവിലുണ്ട്. വെള്ളിയാഴ്ചയാണ് കെ.എസ് ഹംസ ചെയര്മാനായ വഖഫ് ബോര്ഡ് പിരിച്ചുവിട്ട് മായിന്ഹാജി അധ്യക്ഷനായ ബോര്ഡിനെ സര്ക്കാര് നിയമിച്ചത്.
