Breaking
Fri. Oct 16th, 2026

ത്രിവർണ പതാകയുമേന്തി ആയിരങ്ങൾ ഒഴുകിയെത്തി, ദീപ്കെയും നേഹയും കസ്റ്റഡിയിലായിട്ടും ‘തിരംഗ യാത്ര’യിൽ ആളിക്കത്തി പ്രതിഷേധം; സംഘർഷഭരിതം ദില്ലി

2026 ഒക്ടോബർ 16 വെള്ളി

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാൽ രാജ്യതലസ്ഥാനം ഇന്നും സമര-സംഘ‍ർഷ ഭൂമിയായി. കോക്ക്റോച്ച് ജനത പാർട്ടി (സി ജെ പി) പ്രഖ്യാപിച്ച ‘തിരംഗ യാത്ര’യും ഇതിനൊപ്പം തന്നെ എസ് എഫ് ഐ, ഡി വൈ എഫ് ഐ, ഐസ, എ ഐ എസ് എഫ്, എ ഐ വൈ എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും പൗരാവകാശ പ്രവർത്തകരും ഒഴികിയെത്തിയതോടെ ദില്ലി സംഘർഷഭരിതമായി. കൊണാട്ട് പ്ലേസിലേക്ക് ത്രിവർണ പതാകയുമേന്തി മാർച്ച് നടത്താൻ പുറപ്പെട്ട സി ജെ പി സ്ഥാപക നേതാവ് അഭിജീത് ദീപ്കെയെ ഝണ്ഡേവാലാനിലെ വീടിന് പുറത്തിറങ്ങിയ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് കാട്ടി ദില്ലി പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും അത് മറികടന്ന് ഇറങ്ങിയപ്പോഴാണ് കസ്റ്റഡി നടപടി. സമാനമായി മണ്ഡി ഹൗസിന് സമീപത്ത് വെച്ച് ഐസ നേതാവ് നേഹാ ബോറയെയും കൂടെയുണ്ടായിരുന്ന പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

ദീപ്കെയും നേഹയും എവിടെ

നേതാക്കൾ കസ്റ്റഡിയിലായെങ്കിലും പൊലീസ് വിലക്ക് ലംഘിച്ച് കൊണാട്ട് പ്ലേസിലും സെൻട്രൽ പാർക്കിലും മിന്നൽ പ്രതിഷേധങ്ങളുമായി പ്രവർത്തകർ തെരുവിലിറങ്ങി. കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്ന സെൻട്രൽ പാർക്കിലേക്ക് കടക്കാൻ ശ്രമിച്ചവരെ പൊലീസ് തടയുകയും പലരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സി ജെ പിയുടെ സമരത്തിന് പിന്തുണയുമായി ആം ആദ്മി പാർട്ടിയും ഇടത് സംഘടനകളും അണിനിരന്നതോടെ റോഡിൽ നൂറുകണക്കിന് ആളുകൾ ദേശീയ പതാകയുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചതാണ് ഒടുവിൽ വൻ സംഘർഷത്തിന് വഴിതുറന്നത്. തടസ്സങ്ങളും കസ്റ്റഡി നടപടികളും മറികടന്ന് വൻ പ്രതിഷേധ പ്രകടനങ്ങളാണ് നഗരമധ്യത്തിൽ അരങ്ങേറിയത്. ഇന്നത്തെ സമരം അവസാനിപ്പിച്ചതായി അറിയിച്ച ഇടത് സംഘടനകൾ, നാളെയും കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലേക്ക് പ്രതിഷേധ മാർച്ച് തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അഭിജീത് ദീപ്കെയെയും നേഹാ ബോറയെയും ഏത് പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. അതിനാൽ തന്നെ രാജ്യതലസ്ഥാനത്ത് സംഘർഷ സാഹചര്യം പൂർണമായും ഒഴിഞ്ഞിട്ടില്ല. സി ജെ പി പ്രവർത്തകരും ഐസ പ്രവർത്തകരും മിന്നൽ പ്രതിഷേധങ്ങളുമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രംഗത്തെത്തുന്നുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *