Breaking
Sat. Oct 10th, 2026

‘യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു…, ഞാന്‍ ഒപ്പമുണ്ട്’; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

ചെന്നൈ: ഇന്ത്യയിലെ യുവാക്കളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി. യുവാക്കളോട് സമരം തുടരാന്‍ ആവശ്യപ്പെട്ട രാഹുല്‍ താന്‍ ഒപ്പമുണ്ടെന്ന ഉറപ്പും നല്‍കി. ബിജെപി ഭരണകൂടവും ഭരണഘടനയെ ആക്രമിച്ച ആളുകളും പരാജയപ്പെടുമെന്ന് ഉറപ്പുവരുത്തുമെന്നും രാഹുല്‍ ഗാന്ധി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കഴിഞ്ഞ 10-15 വര്‍ഷമായി ഇന്ത്യയോട് ചെയ്തത് ഇനി ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തും. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി താന്‍ നരേന്ദ്ര മോദിക്കെതിരെയും ആര്‍എസ്എസിനെതിരെയും പോരാടുകയാണ്. അവരുടെ പ്രധാന സവിശേഷത ഭീരുത്വമാണ്. ഭരണഘടനയെയും ഇന്ത്യന്‍ ജനതയുടെ ശബ്ദത്തെയും സംരക്ഷിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

‘നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനായി പോകുകയാണ് ഞങ്ങള്‍. ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം സംരക്ഷിക്കാനായി പോകുകയാണ് ഞങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍എസ്എസ്സിനുമെതിരെ ഞാന്‍ ഒരു ദശാബ്ദത്തിലേറെയായി പോരാട്ടം നടത്തിവരികയാണ്. കൈവെള്ളയെന്ന പോലെ അവരുടെ ഉള്ളും പുറവും എനിക്കറിയാം. ഈ ആളുകളുടെ പ്രധാന സ്വഭാവം ഭീരുത്വമാണ്. നരേന്ദ്രമോദി, അമിത് ഷാ, മോഹന്‍ ഭാഗവത്, ഗ്യാനേഷ് കുമാര്‍, അജിത് ഡോവല്‍ എന്നിവരാണ് ഈ കഥയിലെ വില്ലന്മാര്‍. അവര്‍ക്ക് ചുറ്റുമുള്ള വഴി അടഞ്ഞുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ആ ഇടങ്ങള്‍ അടച്ചുകൊണ്ടിരിക്കുകയാണ്.’ -രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്താണോ ചെയ്യേണ്ടത് അത് ചെയ്യാം. എത്ര പൊലീസിനെ വേണമെങ്കിലും വിളിക്കാം. എല്ലാവരെയും അറസ്റ്റു ചെയ്യാം. ഞങ്ങള്‍ നിങ്ങളെ വളഞ്ഞിരിക്കുകയാണ്. പിന്മാറാന്‍ പോകുന്നില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ‘ഇന്ത്യയിലെ യുവാക്കളേ, നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. സമരം ചെയ്യുന്നത് തുടരുക. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നമ്മുടെ ഭരണഘടനയെ ആക്രമിച്ചവരേയും ഈ ഭരണകൂടത്തേയും പരാജയപ്പെടുത്തുമെന്നും ഞങ്ങള്‍ ഉറപ്പാക്കും.’ -രാഹുല്‍ ഗാന്ധി പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *