Breaking
Sat. Oct 10th, 2026

പതിനായിരമോ അമ്പതിനായിരമോ പൊലീസിനെ വിളിച്ചുവരുത്തൂ, മോദിയും അമിത് ഷായും ഭീരുക്കൾ; ഭയമാണ് അവരുടെ മുഖമുദ്ര: പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി

ഡൽഹി: പ്രധാനമന്ത്രിക്കും ആർഎസ്എസിനുമെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി രാഹുൽ ഗാന്ധി. നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ​ഗ്യാനേഷ് കുമാർ, അജിത് ഡോവൽ തുടങ്ങിയവർക്ക് ചുറ്റുമുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്, ഞങ്ങൾ ആ ഇടങ്ങൾ ഇല്ലാതാക്കുകയാണ്. എത്രയധികം പൊലീസിനെ വിന്യസിച്ചാലും നേതാക്കളെയും യുവാക്കളെയും അടക്കം ആരെ അറസ്റ്റ് ചെയ്താലും പിന്നോട്ടില്ലെന്ന് രാഹുൽ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.

മോദിജീ, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോളൂ, പതിനായിരമോ ഇരുപതിനായിരമോ അമ്പതിനായിരമോ പൊലീസിനെ വിളിച്ചുവരുത്താം. നേതാക്കളെയോ യുവാക്കളെയോ ഞങ്ങളെ മുഴുവനായോ അറസ്റ്റ് ചെയ്തോളൂ. ഞങ്ങൾ നിങ്ങളെ വളയുകയാണ്, ഒരു കാരണവശാലും പിന്നോട്ടുപോകില്ല. ആവശ്യമായ വിവരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. മോദിയോടും ആർഎസ്എസിനോടും താൻ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പോരാടുകയാണെന്നും ഭീരുത്വമാണ് അവരുടെ പ്രധാന മുഖമുദ്രയെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. ഒരു എതിരാളിയെ വ്യക്തമായി അറിയുന്നതുപോലെ തനിക്ക് അവരെക്കുറിച്ച് നന്നായി അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ഭരണഘടനയെയും ജനങ്ങളുടെ ശബ്ദത്തെയും സംരക്ഷിക്കുമെന്ന് രാഹുൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ 10-15 വർഷമായി രാജ്യത്തോട് ചെയ്തത് ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ പോരാടുമെന്നും ഭരണഘടനയെ ആക്രമിച്ചവരെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രക്ഷോഭം തുടരുന്ന യുവാക്കൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച രാഹുൽ, യുവാക്കളിൽ തനിക്ക് അഭിമാനമുണ്ടെന്നും ഒപ്പം നിൽക്കുമെന്നും ആഹ്വാനം ചെയ്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *