Breaking
Wed. Sep 30th, 2026

ഡബ്ല്യു.എം.ഒ കുടുംബസന്ദർശനം: ശ്രദ്ധേയമായി ഇമാമുമാരുടെ സംഗമം

മുട്ടില്‍: ഒക്ടോബര്‍ 20, 21 തിയ്യതികളില്‍ വയനാട് മുസ്‌ലിം യതീംഖാനയില്‍ നടക്കുന്ന കുടുംബസന്ദർശനത്തിന് മുന്നോടിയായി വയനാട് ജില്ലയിലെ ഇമാമുമാരുടെ സംഗമം സംഘടിപ്പിച്ചു.അനാഥ അഗതി സംരക്ഷണത്തിലൂടെനന്മയിലധിഷ്ടിതമായ ഒരു സാമൂഹ്യ പരിസരം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 5 പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന വയനാട് മുസ്‌ലിം യതീംഖാനയെ അടുത്തറിയാന്‍ സംഘടിപ്പിക്കുന്ന കുടുംബസന്ദർശനത്തിന് മഹല്ലുകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനായാണ് ഇമാമുമാരുടെ സംഗമം സംഘടിപ്പിച്ചത്. മുട്ടില്‍ ഡബ്ല്യു.എം.ഒ കാമ്പസില്‍ നടന്ന പരിപാടി സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.ഒയുടെ വിജയത്തിലും പ്രയാണത്തിലും മതപണ്ഡിതരുടെ സേവനം നിസ്തുലമായിരുന്നുവെന്ന് ഹംസ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സമസ്ത കേരള ഇംഇയ്യത്തുല്‍ ഉലമാ സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി. മൂസക്കോയ മുസ്‌ലിയാര്‍ക്ക് യതീംഖാനയുടെ അനുമോദനം അര്‍പ്പിച്ചു. കുടുംബസന്ദർശന പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മഹല്ലുകളില്‍ ഉദ്‌ബോധനം നടത്താനും മഹല്ല്തല കുടുംബ സംഗമങ്ങള്‍ കൂടുതല്‍ സജീവമാക്കാനും പരിപാടിയില്‍ തീരുമാനമായി. കാഞ്ഞായി മമ്മൂട്ടി മുസ്‌ലിയാർ വെള്ളമുണ്ട ചര്‍ച്ചക്ക് നേതൃത്വം നല്‍കി. കെ. മുഹമ്മദ് കുട്ടി ഹസനി, അഷറഫ് ഫൈസി പനമരം, ഉമര്‍ നിസാമി, ഉമര്‍ ഫൈസി ബത്തേരി, അബൂബക്കര്‍ ഫൈസി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.പി അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. വിട പറഞ്ഞ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അനുസ്മരണത്തിനും പ്രാര്‍ത്ഥനക്കും സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ നേതൃത്വം നല്‍കി. ഡബ്ല്യു.എം.ഒ ജോയിന്റ് സെക്രട്ടറി ഡോ. റാഷിദ് ഗസ്സാലി വിഷയാവതരണം നടത്തി. ഡബ്ല്യു.എം.ഒ ട്രഷറർ അഡ്വ. കെ മൊയ്തു, വൈസ് പ്രസിഡണ്ട് പി.കെ അബൂബക്കർ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാ മാസ്റ്റർ, പയന്തോത്ത് മൂസ ഹാജി, മഹല്ല് ഭാരവാഹികൾ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡബ്ല്യു.എം.ഒ മാനേജര്‍ മുജീബ് ഫൈസി നന്ദി പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *