കല്‍പ്പറ്റ: വയനാട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. ചിട്ടയായ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, പഠന പ്രവര്‍ത്തനങ്ങളിലെ മികവ്, അക്കാദമിക രംഗത്തെ തുടര്‍ച്ചയായ നേട്ടങ്ങള്‍, ശാസ്ത്ര, കലാകായിക രംഗത്തെ മികച്ച നേട്ടങ്ങള്‍, വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനത്തിനായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യവല്‍ക്കരണ, വ്യക്തിത്വ വികസന പ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെയും ജീവനക്കാരുടെയും സമര്‍പ്പിത സേവനം തുടങ്ങി എല്ലാ മേഖലകളിലെയും മികവ് പരിഗണിച്ചാണ് പുരസ്‌കാരം.
സ്‌കൂള്‍ മാനേജര്‍ റവ.ഫാ.സന്തോഷ് തെക്കേയില്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റവ. ഫാ. ബെന്നി പീക്കുന്നേല്‍, പ്രധാനധ്യാപകന്‍ ബിനു ജെയിംസ് പി.ടി.എ. പ്രസിഡന്റ് മമ്മൂട്ടി തോക്കന്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ഈ വര്‍ഷം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ. ഷൈമ ടി. ബെന്നിയുടെ സേവനങ്ങള്‍ക്കുള്ള ആദരസൂചകമായി മാറി ഈ പുരസ്‌കാരം.
വയനാട് ജില്ല പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ചന്ദ്രിക കൃഷ്ണനാണ് ഈ ശ്രേഷ്ഠ പുരസ്‌കാരം ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമ്മാനിച്ചത്. ചടങ്ങില്‍ വയനാട് ജില്ല വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സെല്‍മ മൊയിന്‍ അധ്യക്ഷത വഹിച്ചു. വിവിധ ജില്ല പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ ശശിന്ദ്ര വ്യാസ് , ഡിഇഒ , എ ഇ ഒ മാര്‍, ജില്ല പ്രിന്‍സിപ്പല്‍ കോഡിറ്റേര്‍ ഡോ ജലില്‍, ജില്ലയിലെ മുഴുവന്‍ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഈ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
