പുല്‍പ്പള്ളി: മൂന്ന് മാസമായി കുടിശ്ശികയായ പ്രവാസി പെന്‍ഷന്‍ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം മുള്ളന്‍കൊല്ലി പഞ്ചായത്ത് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷമായി കുടിശ്ശികയില്ലാതെ നല്‍കിയിരുന്ന പ്രവാസി പെന്‍ഷന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കുടിശ്ശികയാണ്. പെന്‍ഷന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്ന് കണ്‍വന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. പഞ്ചായത്തിലെ പ്രവാസികളുടെ പുനരധിവാസത്തിന് പഞ്ചായത്ത് ഭരണസമിതി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസി സംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ജില്ലാ സെക്രട്ടറിയുമായ അഡ്വ: സരുണ്‍ മാണി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജോബിഷ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ സി പി വിന്‍സന്റ് പതാക ഉയര്‍ത്തി. മുള്ളന്‍കൊല്ലി പഞ്ചായത്ത് മെമ്പര്‍ ജിഷ സെബാസ്റ്റ്യന്‍, സിപിഐ (എം) പാടിച്ചിറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സണ്ണി ജോസഫ്, പ്രവാസി സംഘം പുല്‍പള്ളി ഏരിയ സെക്രട്ടറി അഡ്വ: വിനു മാത്യു എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ജോബിഷ് ജോര്‍ജ്ജ് (പ്രസിഡന്റ്), അനീഷ് ബി (സെക്രട്ടറി), വിഷ്ണു സജി (ട്രഷറര്‍) എന്നിവരടങ്ങുന്ന ഒന്‍പതംഗ കമ്മിറ്റിയെ കണ്‍വന്‍ഷന്‍ തിരഞ്ഞെടുത്തു.
