Breaking
Mon. May 25th, 2026

എത്ര സ്വര്‍ണം നഷ്ടമായി?; ദ്വാരപാലക പാളികള്‍ അഴിച്ചു പരിശോധിച്ചു; ശബരിമലയില്‍ എസ്‌ഐടി പരിശോധന തുടരുന്നു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയപരിശോധനയ്ക്കായി ശ്രീകോവിലില്‍ നിന്നുള്ള സാംപിള്‍ ശേഖരിക്കല്‍ രണ്ടാം ദിനത്തിലേക്ക് കടന്നു. എസ്‌ഐടി തലവന്‍ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് സാംപിള്‍ ശേഖരിക്കുന്നത്. ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്‌മെന്റ് വിഭാഗവും എസ്‌ഐടിക്കൊപ്പമുണ്ട്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിനു പിന്നാലെയാണ് സ്വര്‍ണപ്പാളികളില്‍ നിന്നുള്ള സാംപിള്‍ ശേഖരിക്കല്‍ തുടങ്ങിയത്.

ഇന്നലെ ശബരിമല നട തുറന്നതിനു പിന്നാലെ ശ്രീകോവിലിന് ചുറ്റുമുള്ള പാളികളില്‍ നിന്നും സാംപിള്‍ ശേഖരിച്ചു. പിന്‍ഭാഗത്തെ തൂണില്‍ ഘടിപ്പിച്ചിരുന്ന സാംപിളാണ് ആദ്യം ശേഖരിച്ചത്. തുടര്‍ന്ന് മുന്‍ഭാഗത്ത് ദ്വാരപാലക പാളികള്‍ അഴിച്ചു പരിശോധിച്ചു. ശില്‍പങ്ങളില്‍ നിന്നുള്ള സാംപിളുകളും ശേഖരിച്ചു. ശ്രീകോവിലിന് ചുറ്റും മറ്റിടങ്ങളില്‍ നിന്നും ഇന്നു സാംപിള്‍ ശേഖരിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. ഇതു രണ്ടാം തവണയാണ് ശബരിമലയില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നത്.

എത്ര സ്വര്‍ണമാണ് ശബരിമലയില്‍ നിന്നും സ്വര്‍ണ്ണക്കൊള്ളയുടെ ഭാഗമായി നഷ്ടമായത് എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവ്, കാലപ്പഴക്കം തുടങ്ങിയവയില്‍ അന്വേഷണ സംഘം വ്യക്തത തേടുന്നു. നേരത്തെ സാംപിളുകള്‍ ശേഖരിച്ച് വിഎസ് എസ് സിയില്‍ പരിശോധിച്ചെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ അനുമതി വാങ്ങി വീണ്ടും സാംപിള്‍ ശേഖരിച്ച് പരിശോധന നടത്തുന്നത്.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *