Breaking
Tue. Aug 25th, 2026

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനപരിശോധിക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം സംബന്ധിച്ച് കേരള സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയിൽവെ ബോർഡ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജിച്ച് മംഗലാപുരം ഭാഗം മൈസൂർ ഡിവിഷനിലേക്ക് യോജിപ്പിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ആർ.ജെ.ഡി. സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. കേരളത്തിന് ഒരു പ്രത്യേക റെയിൽവേ സോൺ വേണമെന്ന ദീർഘകാലത്തെ ആവശ്യം നിലവിലിരിക്കുമ്പോളാണ് കേരളത്തിലെ റെയിൽവേ സൗകര്യങ്ങളെ ബാധിക്കുന്ന ഈ തീരുമാനം.

മംഗലാപുരം ഭാഗം നഷ്‌ടപ്പെടുന്നതിലൂടെ പാലക്കാട് ഡിവിഷന്റെ യാത്രാവരുമാനത്തിലും ചരക്ക് വരുമാനത്തിലും ഗണ്യമായ നഷ്ടം സംഭവിക്കും. മംഗലാപുരം സ്‌റ്റേഷനിൽ നിന്നും ഇപ്പോൾ 80 ട്രെയ്നുകളാണ് പുറപ്പെടുന്നത്. അവയെല്ലാം മൈസൂർ ഡിവിഷനിലേക്ക് മാറും. ചരക്ക് കൈകാര്യം ചെയ്യുന്നത് 70 ശതമാനവും മംഗലാപുരം കേന്ദ്രമായാണ്.

രാജ്യത്തെ റെയിൽവേ ഡിവിഷനുകളിൽ ഏറ്റവും മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെച്ച പാലക്കാട് ഡിവിഷൻ ഇതോടെ നഷ്ടത്തിലാവും. നേരത്തെ സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ പാലക്കാട് ഡിവിഷനിൽ നിന്ന് 600 കിലോമീറ്റർ അടർത്തി മാറ്റിയിരുന്നു. മലബാറിന്റെ യാത്ര, വാണിജ്യ അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കുന്ന ഈ തീരുമാനം പിൻവലിക്കണമെന്ന് അദ്ദേഹം റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിനോട് ആവശ്യപ്പെട്ടു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *