Breaking
Sun. Aug 23rd, 2026

പ്രവാസി പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം: പ്രവാസി സംഘം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

കൽപറ്റ: പ്രവാസി പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യുക, ഉത്സവകാലങ്ങളിലെ വിമാനക്കൊള്ള നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ഹെഡ്പോസ്റ്റോഫീസ് സ്‌ക്വയറിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

ധർണ്ണ സമരം പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ: സരുൺ മാണി ഉദ്‌ഘാടനം ചെയ്തു. കെ കെ നാണു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഓണം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ കേരളത്തിലെ ഒരു ലക്ഷത്തിൽപരം പ്രവാസി പെൻഷൻ ഗുണഭോക്താക്കൾ മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയ്ക്കായി കാത്തുനിൽക്കുകയാണെന്ന് ഉദ്ഘാടകൻ പറഞ്ഞു. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ വിദേശമണ്ണിൽ വിയർപ്പൊഴുക്കി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തിയ മനുഷ്യർക്ക് ഇന്ന് ഓണം ആഘോഷിക്കാൻ പോലും സ്വന്തം അവകാശമായ പെൻഷൻ ചോദിച്ചുവാങ്ങേണ്ട അവസ്ഥയാണ്. ഇത് സർക്കാരിന്റെ ഔദാര്യമോ ധനസഹായമോ അല്ലെന്നും വർഷങ്ങളോളം ക്ഷേമനിധിയിലേക്ക് അംശദായം അടച്ച പ്രവാസികൾക്ക് നിയമപരമായി ലഭിക്കേണ്ട അവകാശമാണെന്നും അത് കൃത്യസമയത്ത് നൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ഓണത്തിന് സംസ്ഥാന സർക്കാർ പ്രവാസി ക്ഷേമനിധി ബോർഡിന് അനുവദിച്ചത് പൂജ്യം രൂപ എന്നത് പ്രവാസി സമൂഹത്തോടുള്ള കടുത്ത വിവേചനത്തിന്റെ തെളിവാണ്. നോർക്കയെക്കുറിച്ചോ പ്രവാസി ക്ഷേമത്തെക്കുറിച്ചോ ഒരു വാക്കുപോലും പറയാതെ ബജറ്റ് അവതരിപ്പിച്ച സർക്കാർ ഇപ്പോൾ പെൻഷൻ പോലും മുടക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രളയമോ മഹാമാരിയോ സാമ്പത്തിക പ്രതിസന്ധിയോ ഉണ്ടായപ്പോഴും പ്രവാസികളെ ചേർത്തുപിടിച്ച സമീപനമാണ് എൽഡിഎഫ് സർക്കാരുകളിൽ നിന്ന് ഉണ്ടായത്. എന്നാൽ അതിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് യുഡിഎഫ് സർക്കാരിന്റെ പ്രവാസിവിരുദ്ധ നിലപാട് പ്രകടമാകുന്നത്. അധികാരത്തിലേറുന്നതിന് മുമ്പ് പ്രവാസി പെൻഷൻ 5000 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്തവർ, ഇന്ന് നിലവിലുള്ള പെൻഷൻ പോലും നൽകാതെ ക്രൂരമായ വഞ്ചനയാണ് നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി ടി മൻസൂർ സ്വാഗതവും, ജില്ലാ കമ്മിറ്റിയംഗം അഡ്വ: വിനു മാത്യു ചെങ്ങനാമഠത്തിൽ നന്ദിയും പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *