ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആറ് മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു രാഹുലിന്റെ പ്രതിഷേധം. മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നയിച്ച മാര്‍ച്ചില്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ സഹില്‍ ലോച്ചബ് എന്ന വിദ്യാര്‍ഥിയേയും കൂട്ടിയായിരുന്നു രാഹുല്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.
മണിക്കൂറോളം നീണ്ട കുത്തിയിരിപ്പ് സമരം നടത്തിയ രാഹുല്‍ ഗാന്ധി, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു. പെല്ലറ്റ് ആക്രമണത്തില്‍ എഫ്ഐആറിട്ടത് തുടക്കം മാത്രമാണെന്നും രാജ്യതലസ്ഥാനത്തെ പ്രധാന പൊലീസ് സ്റ്റേഷനില്‍ നിന്ന് നീതി കിട്ടിയില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.
യുവാക്കള്‍ക്കെതിരെ അന്യായം നടന്നതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പാവപ്പെട്ട പൊലീസുകാര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മുകളില്‍ നിന്ന് നീതിയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്ത് എത്തിയിരുന്നു. സാഹില്‍ ലോച്ചവ് എന്ന വിദ്യാര്‍ഥിക്കാണ് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ സാഹില്‍, റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ പരാതി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി സാഹിലിനൊപ്പം പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.
