Breaking
Fri. Aug 21st, 2026

അര്‍ജന്റീനയെ ‘പൂട്ടി’ ഫിഫ; മൂന്ന് കോടി പിഴയൊടുക്കണം; അഞ്ച് താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ശേഷം സ്‌പെയിന്‍ താരങ്ങളുമായി ഉണ്ടായ സംഘര്‍ഷത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ നടപടിയുമായി ഫിഫ. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് മൂന്ന് കോടി രൂപ പിഴ ചുമത്തി . അടുത്ത രണ്ട് മത്സരങ്ങള്‍ അര്‍ജന്റീന കാണികള്‍ ഇല്ലാതെ കളിക്കണമെന്നായിരുന്നു മറ്റൊരു ശിക്ഷ. പിന്നീട് ഇത് ഒരു കളിയില്‍ മാത്രമാക്കി ചുരുക്കി.

അര്‍ജന്റീന മധ്യനിരക്കാരന്‍ ലിയാന്ദ്രോ പരേഡെസിന് പത്തുകളികളിലും നഹുവേല്‍ മോളീനയ്ക്ക് ഏഴുമത്സരങ്ങളിലും വിലക്ക് ഏര്‍പ്പെടുത്തി. ഇരുവരും 86 ലക്ഷം രൂപ പിഴയുമൊടുക്കണം. തിയാഗോ അല്‍മേഡയ്ക്ക് ഒരുകളിയിലും വിലക്ക് ഏര്‍പ്പെടുത്തി. റോബര്‍ട്ടോ അയാളക്ക് മൂന്ന് മത്സരത്തിലും സ്പാനിഷ് താരം ഗാവിക്ക് ഒരു കളിയിലും വിലക്ക് ഏര്‍പ്പെടുത്തി. മൂവര്‍ക്കും ഏകദേശം 29 ലക്ഷം രൂപ പിഴയും ചുമത്തി.

ഫൈനല്‍ വിസിലിനു പിന്നാലെ വിജയം ആഘോഷിക്കാന്‍ മൈതാനത്തേക്ക് ഓടിയ സ്പാനിഷ് താരങ്ങളില്‍ റോഡ്രിയെ, അര്‍ജന്റീന താരം മൊളീന അടിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. റോഡ്രി ഇത് ചോദ്യം ചെയ്തു. ഇതുകണ്ട എറിക് ഗാര്‍സ്യ, മൊളീനയെ പിടിച്ചു മാറ്റാനെത്തി.പിന്നാലെ പരേഡെസ് എത്തി ഗാര്‍ഷ്യയെ മര്‍ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ ഗാവിയേയും പരേഡെസ് കായികപരമായി നേരിട്ടു. പിന്നീട് ഇരു ടീമിലെയും താരങ്ങളും അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോനിയും ചേര്‍ന്നാണ് താരങ്ങളെ പിടിച്ചു മാറ്റിയത്. പിന്നാലെ പരേഡെസിന് റെഡ് കാര്‍ഡും കിട്ടി.

ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സ്പെയിന്‍ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. 106ാം മിനിറ്റില്‍ ഫെറാന്‍ ടോറസാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *