Breaking
Wed. Aug 19th, 2026

ശ്രീറാം ഫിനാൻസിൽ വീണ്ടും ക്രമക്കേട് ആരോപണം; പനമരം ബ്രാഞ്ചിലേക്ക് DYFI പ്രതിഷേധം

പനമരം: ഇടപാടുകാരുടെ അനുമതിയില്ലാതെ വാഹന ഇൻഷുറൻസ് തുക വായ്പയിൽ ഉൾപ്പെടുത്തി ഈടാക്കിയെന്ന പരാതിയെ തുടർന്ന് ശ്രീറാം ഫിനാൻസിന്റെ പനമരം ബ്രാഞ്ചിലേക്ക് DYFI പ്രതിഷേധം സംഘടിപ്പിച്ചു.

ഇടപാടുകാരുടെ പേരിൽ വ്യാജമായി വായ്പ രേഖപ്പെടുത്തിയതും കുടിശ്ശികയായി കാണിച്ച് ക്രെഡിറ്റ് സ്കോർ ഉൾപ്പെടെ ബാധിക്കുന്നതുമായ പരാതിയിൽ കഴിഞ്ഞ ദിവസങ്ങളിലും DYFI പ്രതിഷേധം നടത്തിയിരുന്നു. സർവർ തകരാറിനെ തുടർന്നാണ് പ്രശ്നമുണ്ടായതെന്നും ഏഴ് ദിവസത്തിനകം പരിഹരിക്കുമെന്നും അന്ന് ശ്രീറാം ഫിനാൻസ് അധികൃതർ ഉറപ്പ് നൽകിയിരുന്നു.

ഇതിനിടെയാണ് ഇടപാടുകാർ അറിയാതെ വാഹന ഇൻഷുറൻസ് തുക വായ്പയിൽ ഉൾപ്പെടുത്തി ബാധ്യതയായി കാണിച്ചതായുള്ള മറ്റൊരു പരാതി ശ്രദ്ധയിൽപ്പെട്ടത്. വാഹനങ്ങൾക്ക് നേരത്തെ ഇൻഷുറൻസ് ഉണ്ടായിരുന്നിട്ടും, ഇടപാടുകാരുടെ അനുമതിയില്ലാതെ ശ്രീറാം ഫിനാൻസ് വഴി വീണ്ടും ഇൻഷുറൻസ് എടുത്ത് തുക വായ്പയിൽ ഉൾപ്പെടുത്തിയെന്നാണ് ആരോപണം.

കഴിഞ്ഞ നാല് വർഷമായി ചില വാഹനങ്ങൾക്ക് ഇത്തരത്തിൽ രണ്ട് ഇൻഷുറൻസ് ഉണ്ടായിരുന്നതായും പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇടപാടുകാരുടെ അനുമതിയില്ലാതെ ഇൻഷുറൻസ് തുക വായ്പയിൽ ഉൾപ്പെടുത്തിയതായും DYFI ആരോപിച്ചു. ഇൻഷുറൻസ് തുകയുടെ തിരിച്ചടവിൽ വീഴ്ച വന്നതിന്റെ പേരിൽ പിഴപ്പലിശ ഉൾപ്പെടെ ഈടാക്കിയതായും ഭാരവാഹികൾ പറഞ്ഞു.

ഇന്ന് നടന്ന ചർച്ചയിൽ ഇടപാടുകാരുടെ വായ്പകളിൽ ഉൾപ്പെടുത്തിയ ഇത്തരം ഇൻഷുറൻസുകൾ പൂർണമായും ഒഴിവാക്കി നൽകണമെന്ന് DYFI ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു.

DYFI ജില്ലാ പ്രസിഡന്റ് ജിതിൻ കോമത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അക്ഷയ്, പനമരം മേഖല സെക്രട്ടറി ഹമീദ്, ബ്ലോക്ക് കമ്മിറ്റി അംഗം സുജിൽ, ചന്ദ്രൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *