കോട്ടയം: രാഷ്ട്രീയ നാടകങ്ങൾക്കിടെ പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്. കോൺഗ്രസ് വിമത മായാ രാഹുലും യുഡിഎഫ് സ്ഥാനാർഥി റിയ ബിനോ ചീരാംകുഴിയുമാണ് മത്സര രംഗത്തുള്ളത്. ചെയർപേഴ്സൺ സ്ഥാനത്തേക്ക് വിമതർ കൊണ്ടുവന്ന സ്വതന്ത്ര അംഗം മായാ രാഹുലിനെ അയോഗ്യയാക്കാൻ നിയമനടപടി സ്വീകരിച്ചതായി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. യുഡിഎഫിന്റെ പിന്തുണ നേടിയാണ് മായാ രാഹുൽ വൈസ് ചെയർപേഴ്സൺ ആയതെന്ന് ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് പറഞ്ഞു
യുഡിഎഫ് തീരുമാനത്തിന് എതിരായിട്ടാണ് ഇവർ നിലപാട് സ്വീകരിച്ചത്. അതുകൊണ്ട് നിയമത്തിനു മുന്നിൽ ഇവർ അയോഗ്യയാക്കപ്പെടുമെന്നും നാട്ടകം സുരേഷ് പറഞ്ഞു. പാർട്ടി ലംഘിച്ചവർക്ക് എതിരെയെല്ലാം നടപടി സ്വീകരിച്ചു. ജനങ്ങളെ ചതിച്ചാണ് വിമതർ പാർട്ടിയിൽ ഇനി ഉണ്ടാകില്ലെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.
വിമതർ മുന്നണി മര്യാദ പാലിക്കാൻ തയ്യാറായില്ലെന്ന് ഫ്രാൻസിസ് ജോർജ് കുറ്റപ്പെടുത്തി. ജനവികാരം ഉൾക്കൊണ്ടാണ് പാലായിൽ അധികാരത്തിലെത്താൻ യുഡിഎഫ് തീരുമാനിച്ചത്. പാർട്ടിയുടെയും മുന്നണിയുടെയും പിന്തുണ കൊണ്ടാണ് ഇവരൊക്കെ ജയിച്ചത്. സംസാരിച്ച് തീർക്കാവുന്ന പ്രശ്നം ആയിരുന്നു എല്ലാം. അവശേഷിക്കുന്ന 9 പേരും ഒന്നിച്ചു നിന്നു മുന്നോട്ടു പോകുമെന്ന് ഫ്രാൻസിസ് ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.
