കൽപ്പറ്റ: സസ്‌പെൻഷൻ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും, പരാതിക്കാരനായ കെ.ജെ. ദേവസ്യ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വയനാട് ഡെപ്യൂട്ടി കളക്ടർ സി. ഗീത. നൂൽപ്പുഴയിലെ ഭൂമി തരംമാറ്റൽ കേസിലെ അച്ചടക്ക നടപടിയോട് പ്രതികരിക്കുകയായിരുന്നു അവർ.
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട വയൽ ആയതിനാലും, കൃഷി ഓഫീസറും വില്ലേജ് ഓഫീസറും നൽകിയ റിപ്പോർട്ട് പ്രതികൂലമായതിനാലുമാണ് തരംമാറ്റൽ അപേക്ഷ നിരസിച്ചത്. നിയമപരമായാണ് താൻ പ്രവർത്തിച്ചത്. 33 വർഷത്തെ സർവീസിനിടയിൽ ഇന്നുവരെ സാമ്പത്തിക ആരോപണങ്ങൾ കേട്ടിട്ടില്ലെന്നും, കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം പരാതിക്കാരൻ തെളിയിക്കണമെന്നും അവർ വെല്ലുവിളിച്ചു.
അതേസമയം, വയൽ നികത്താൻ കൂട്ടുനിൽക്കാത്തതിലുള്ള പ്രതികാര നടപടിയാണിതെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. നവീൻ ബാബു സംഭവം ആവർത്തിക്കാൻ ഇടയാക്കരുതെന്നും, ഉദ്യോഗസ്ഥയെ തിരിച്ചെടുത്തില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
ഭൂമി തരംമാറ്റുന്നതിന് അനുകൂലമായ കോടതി വിധി ഉണ്ടായിട്ടും നടപടി വൈകിപ്പിക്കുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തുവെന്ന കേരള കോൺഗ്രസ് (എം) നേതാവ് കെ.ജെ. ദേവസ്യയുടെ പരാതിയിലാണ് റവന്യൂ മന്ത്രി നടപടിയെടുത്തത്.
