നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലാത്തൂരിലെ കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി നൽകി. എൻ.ടി.എ പാനലിലെ കെമിസ്ട്രി വിദഗ്ദ്ധനായ പ്രഹ്ലാദ് കുൽക്കർണിയാണ് ചോദ്യങ്ങൾ ചോർത്തി നൽകിയത്. ലാത്തൂരിലെ സിദ്ധിവിനായക് ആശുപത്രിയിലെ ‘ഡീലക്സ് റൂമിൽ’ വെച്ചായിരുന്നു വിദ്യാർത്ഥിക്ക് രഹസ്യ ക്ലാസുകൾ നൽകിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
മൂന്ന് ദിവസങ്ങളിലായി നടന്ന ക്ലാസുകൾക്കിടെ 132 കെമിസ്ട്രി ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാർത്ഥിക്ക് എഴുതി നൽകി. കേസിലെ മുഖ്യപ്രതിയും രേണുകായ് കോച്ചിംഗ് സെന്റർ ഉടമയുമായ ശിവരാജ് മൊട്ടേഗാവങ്കറുടെ മകനാണ് ചോദ്യങ്ങൾ ലഭിച്ചത്. കേസിൽ എൻ.ടി.എ വിദഗ്ദ്ധനായ കുൽക്കർണിയെയും ആശുപത്രി ഉടമ ഡോ. മനോജ് ഷിരൂരെയെയും സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യങ്ങളും ഉത്തരങ്ങളും എഴുതിയെടുത്ത നോട്ട്ബുക്ക് പരീക്ഷയ്ക്ക് ശേഷം ആക്രിക്കാരന് വിറ്റെന്ന് വിദ്യാർത്ഥിയുടെ മൊഴി.
ജൂലൈ 28-ന് ഡൽഹി കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ സുപ്രധാന വിവരങ്ങൾ ഉള്ളത്. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നരമാസം നീണ്ട അന്വേണം പൂർത്തിയാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. എൻടിഎയിൽ ചോദ്യ പേപ്പർ തയാറാക്കാൻ എത്തിയവർ ഉൾപ്പെടെയാണ് പ്രതിപ്പട്ടകയിലുള്ളത്.മേയ് ഒന്നിന് രാജസ്ഥാനിലെ സിക്കറിൽ വ്യാപകമായി പ്രചരിച്ച മാതൃക ചോദ്യപേപ്പറിന് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിഞ്ഞത്.
