Breaking
Thu. Aug 6th, 2026

ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടൽ; ഫലം കാണുന്നത് വർഷങ്ങൾ നീണ്ട സമരത്തിന്

താമരശ്ശേരി: താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ നൂറുകണക്കിന് പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കി അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിച്ചുവന്ന ഫ്രഷ് കട്ട് കോഴി അറവുമാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടാൻ സർക്കാർ തീരുമാനമെടുത്തത് വർഷങ്ങളായുള്ള ശക്തമായ സമരങ്ങളുടെയും വിവിധ ഘട്ടങ്ങളിലുണ്ടായ ഇടപെടലുകളുടെയും തുടർച്ചയായാണെന്ന് പി.കെ.ഫിറോസ് എം.എൽ.എ അറിയിച്ചു.

കരിമ്പാലകുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന ഗുരുതര പരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിന്റെ തുടർച്ചയായയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഫ്രഷ് കട്ട് പ്ലാൻറ് പൂട്ടാൻ ബുധനാഴ്ച ഉത്തരവിറക്കിയത്.

കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിൽ പ്ലാന്റിനുള്ളിൽ വെള്ളം കയറി സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപത്തെ പുഴയിലേക്ക് ഒഴുകുന്ന ഗുരുതര സാഹചര്യമുണ്ടായി. ഇതേത്തുടർന്ന് പ്ലാന്റ് നേരിട്ട് സന്ദർശിച്ച എം.എൽ.എ കലക്ടറോട് അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകാൻ ആവശ്യപ്പെടുകയും വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.

കൊടുവള്ളി നിയോജകമണ്ഡലത്തിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെയും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെയും നൂറുകണക്കിന് കുടുംബങ്ങളാണ് പ്ലാന്റിൽ നിന്നുള്ള ദുർഗന്ധവും മലിനീകരണവും കാരണം വർഷങ്ങളായി ദുരിതമനുഭവിച്ചിരുന്നത്. ദൈനംദിന ജീവിതം ദുസ്സഹമാകുന്നതോടൊപ്പം വിവിധ ആരോഗ്യപ്രശ്നങ്ങളും പ്രദേശവാസികൾ നേരിടുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. പ്ലാന്റ് പൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ നിരവധി ആളുകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്ത് മാസങ്ങളോളം ജയിലിലടച്ചിരുന്നു. വർഷങ്ങളായി ഒരു ജനത അനുഭവിച്ച ദുരിതത്തിന് അറുതിവരുത്തുന്ന തീരുമാനമാണ് സർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നതെന്നും ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിന് നന്ദി അറിയിക്കുന്നതായും ജനകീയ സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ പ്രതികരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *