Breaking
Thu. Aug 6th, 2026

ബത്തേരി-ബംഗളൂരു യാത്രയ്ക്ക് 40 കിലോമീറ്റര്‍ കുറയും; ബൈരക്കുപ്പ പാലത്തിന് കര്‍ണാടകയുടെ എന്‍ഒസി

തിരുവനന്തപുരം: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലം നിര്‍മാണത്തിന് കര്‍ണാടക സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. പൊതുമരാമത്ത് മന്ത്രി പികെ ബഷീറാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി പികെ ബഷീര്‍ മുന്‍പ് ബംഗളൂരുവില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് അനുകൂല തീരുമാനമുണ്ടായത്. വിഷയം കര്‍ണാടക മന്ത്രിസഭായോഗത്തില്‍ ഉന്നയിച്ച് അനുമതി വേഗത്തിലാക്കാമെന്ന് ശിവകുമാര്‍ ഉറപ്പുനല്‍കിയിരുന്നു.

വയനാട്ടിലെ പെരിക്കല്ലൂരിനെയും കര്‍ണാടകയിലെ കുടക് ജില്ലയിലുള്ള ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ് ഈ അന്തര്‍സംസ്ഥാന പാലം. 36 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാലത്തിന് തറക്കല്ലിട്ടത്. 2002 മാര്‍ച്ച് 15ന് ഉപരിതല ഗതാഗത മന്ത്രാലയം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. പാലത്തിന്റെ കേരള ഭാഗത്തെ അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. കര്‍ണാടക ഭാഗത്തെ റോഡ് നിര്‍മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കലും പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കാന്‍ പികെ ബഷീര്‍ കത്തുമുഖേന ആവശ്യപ്പെട്ടിരുന്നു.

പാലം യാഥാര്‍ഥ്യമായാല്‍ വയനാട്ടിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും. ബംഗളൂരുവിനും സുല്‍ത്താന്‍ ബത്തേരിക്കുമിടയിലുള്ള യാത്രാദൂരം 40 കിലോമീറ്ററോളം കുറയും. പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും പുതിയ ബദല്‍ പാതയായി ഇത് മാറും.

1994 സെപ്റ്റംബർ 22-ന് അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകരനും കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്ലിയും ചേർന്നാണ് പെരിക്കല്ലൂർ തോണിക്കടവിൽ പാലത്തിനായുള്ള ശിലാഫലകം സ്ഥാപിച്ചത്. ആ ഫലകം മാത്രമായിരുന്നു ഇവിടെ ഇങ്ങനെയൊരു പാലം വരാനിരിക്കുന്നുവെന്നതിന്റെ സൂചകമായി ബാക്കിയുണ്ടായിരുന്നത്.

വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെവന്നതോടെയായിരുന്നു പാലത്തിന്റെ നിർമാണത്തിലേക്ക് കടക്കാനാവാത്ത സാഹചര്യമുണ്ടായത്. ഇതോടെ പരമ്പരാഗത തോണി സർവീസല്ലാതെ പെരിക്കല്ലൂരിൽനിന്ന് ബൈരക്കുപ്പയിവലെത്താൻ മറ്റൊരാശ്രയമുണ്ടായിരുന്നില്ല.

കാലാവസ്ഥ പ്രതികൂലമായാൽ തോണിയിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. കർണാടകയിൽ കൃഷി നടത്തുന്ന നൂറുകണക്കിന് കർഷകർ, കർഷക തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരെല്ലാം ആശ്രയിച്ചുവരുന്നത് പെരിക്കല്ലൂരിലെ തോണി സർവീസിനെ തന്നെയായിരുന്നു. പാലം യാഥാർത്ഥ്യമായാൽ ഇനിയവർക്ക് അനായാസം കർണാടകയിലെത്താനാവും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *