ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെയാണ് നടക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര കാലാവസ്ഥ വകുപ്പ് വരും ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ മഴ പ്രവചിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍, ജില്ലാ ഭരണകൂടം, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമാണ്. കള്ളാടി തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കാന്‍ പോലീസ് -റവന്യൂ- ഫയര്‍ഫോഴ്സ്- കമ്പനി പ്രതിനിധികളുടെ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൂരല്‍മല-മുണ്ടക്കൈ പ്രദേശം ഒറ്റപ്പെട്ടു പോകുന്നതിനാല്‍ മേപ്പാടി പഞ്ചായത്തിലെ 9,10,11,12 വാര്‍ഡുകളിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യ റേഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ വെള്ളപ്പൊക്കം-മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി 28 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യ വസ്തുക്കള്‍ കൃത്യതയോടെ എത്തിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടൗണ്‍ഷിപ്പ് നിര്‍മ്മാണ മേഖലയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തികളുടെ ഭുമിയില്‍ അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റ് അടിയന്തരമായി മാറ്റി സുരക്ഷിതമായി സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മഴക്കെടുതിയെ തുടര്‍ന്ന് കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് കൃഷിനാശ വിവരങ്ങള്‍ അറിയിക്കാന്‍ എല്ലാ ജില്ലയിലും കൃഷിവകുപ്പിന്റെ കണ്‍ട്രോള്‍ റൂം തുറന്നതായി മന്ത്രി അറിയിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി എസ് ദേവമനോഹര്‍, എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
