Breaking
Mon. Aug 3rd, 2026

സംസ്ഥാനത്ത് അതിശക്തമഴ തുടരും, 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ രാവിലെ അതിശക്ത മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മൂന്നു മണിക്കൂര്‍ നേരത്തേക്ക് ഈ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്കും മണിക്കൂറില്‍ 40മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ടയിലെ മലയോര മേഖലയില്‍ ജാഗ്രതാ അനൗണ്‍സ്‌മെന്റ് നടത്തി. പത്തനംതിട്ടയില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ക്കാണ് മിന്നല്‍പ്രളയ മുന്നറിയിപ്പ് നല്‍കിയത്.

ശക്തമായ മഴയെത്തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി ശബരിമല തീര്‍ത്ഥാടകരെ തല്‍ക്കാലം പമ്പയിലേക്ക് കടത്തിവിടുന്നില്ല. എരുമേലിയിലും നിലക്കലിലും തീര്‍ത്ഥാടക വാഹനങ്ങള്‍ പൊലീസ് നിയന്ത്രിക്കുന്നു. രാവിലെ സ്ഥിതിഗതികള്‍ നോക്കിയശേഷമാകും വാഹനങ്ങള്‍ കടത്തിവിടുക. മഴയുടെ സാഹചര്യം കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു.

ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് കേരളം-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളം – കര്‍ണാടകം – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേര്‍ന്ന സമുദ്ര ഭാഗങ്ങള്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *