ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, സുൽത്താൻ ബത്തേരി നഗരസഭ, ചെതലയം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാതല ഡെങ്കി വിരുദ്ധ മാസാചരണത്തിന് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. സുൽത്താൻ ബത്തേരി മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ബോധവൽക്കരണ പരിപാടികളുടെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ നിർവ്വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ എം.ജി. ഇന്ദ്രജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം.മൊയ്തീൻ ഷാ മുഖ്യപ്രഭാഷണവും ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആര്യ വിജയകുമാർ സന്ദേശ പ്രഭാഷണവും നsത്തി. ജില്ലാ വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ വി.പി.കൃഷ്ണകുമാർ, ഡി.വി.സി. യൂണിറ്റ് ബയോളജിസ്റ്റ് കെ. ബിന്ദു എന്നിവർ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങള്‍, ഉറവിട നശീകരണ മാർഗ്ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബോധവൽക്കരണ ക്ലാസെടുത്തു.
പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനത്തിൽ നിന്നും ആരംഭിച്ച ബഹുജന ബോധവൽക്കരണ വിളംബര റാലി സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. റാലിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ബോധവൽക്കരണ സ്‌കിറ്റും ജനശ്രദ്ധയാകർഷിച്ചു. സുൽത്താൻ ബത്തേരി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രമോദ് പാളാക്കര, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി.ഷംസാദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലീല പാൽപത്ത്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഷിഫാനത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷറീന അബ്ദുള്ള, പി.എസ്.ഡിവിഷൻ കൗൺസിലർ സുലഭി, ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോകെ. വി. സിന്ധു, ചെതലയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിജു അശോകൻ, ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, വയനാട് ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ പി.എം. ഫസൽ, സുൽത്താൻ ബത്തേരി മുനിസിപ്പൽ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ പി.എസ്.സന്തോഷ് കുമാർ, സി.ഡി.പി.ഒ. ഭാഗ്യലക്ഷ്മി, കടുംബശ്രീ സി.ഡി.എസുമാരായ പ്രസന്നകുമാരി, രാജലക്ഷ്മി, ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ഡെങ്കിപ്പനി: അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും
ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പ്രധാനമായും പകൽ സമയങ്ങളിലാണ് ഈ കൊതുകുകൾ കടിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, കടുത്ത തലവേദനയും കണ്ണിനു പിന്നിലെ വേദനയും പേശികളിലും സന്ധികളിലും കഠിനമായ വേദന, ശരീരത്തിൽ ചുവന്ന തടുപ്പുകൾ, വിറയൽ, കടുത്ത ക്ഷീണം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടണം. ചികിത്സ നീട്ടി വെക്കുന്നതും സ്വയം ചികിത്സയും രോഗം ഗുരുതരമാകുന്നതിനും മരണം വരെ സംഭവിക്കുന്നതിനും കാരണമായേക്കാം. കൊതുക് കടി ഏൽക്കാതിരിക്കാൻ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകുവല, കൊതുക് തിരികൾ, ക്രീമുകൾ എന്നിവ ഉപയോഗിക്കുക . എന്നിവയാണ് പ്രതിരോധ മാർഗ്ഗങ്ങൾ. കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ചിരട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ടയറുകൾ, ഫ്രിഡ്ജിന്റെ വാട്ടർ ട്രേ, വാട്ടർ കൂളറുകൾ, അലങ്കാരച്ചെടികളുടെ ചട്ടികൾ, മടലുകൾ, ടെറസ്സ് എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ഉപയോഗശൂന്യമായ പാത്രങ്ങളും ആക്രി വസ്തുക്കളും വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കുക. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനായി ‘ഡ്രൈ ഡേ’ ആചരിക്കണം. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ചകളിൽ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും പരിസരങ്ങളിലും ഉറവിട നശീകരണം നടത്തണം.
