Breaking
Sun. Jul 26th, 2026

എണ്ണവില കുതിപ്പില്‍ ഒലിച്ചുപോയത് 2.74 ലക്ഷം കോടി രൂപ; കൈപൊള്ളി ഒന്‍പത് കമ്പനികള്‍, കണക്ക് ഇങ്ങനെ

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2.74 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് എച്ച്ഡിഎഫ്‌സി ബാങ്ക് ആണ്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 2091 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 566 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. എണ്ണവില കുത്തനെ ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്ക- ഇറാന്‍ യുദ്ധമാണ് എണ്ണവിലയുടെ കുതിപ്പിന് കാരണമായത്. രൂപയുടെ മൂല്യം ഇടിഞ്ഞതും ഓഹരി വിപണിയെ സ്വാധീനിച്ചു.

എച്ച്ഡിഎഫ്‌സി ബാങ്കിന് മാത്രം കഴിഞ്ഞയാഴ്ച 1,18,383 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 11,43,985 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 65,429 കോടി, എസ്ബിഐ 26,814 കോടി, ബജാജ് ഫിനാന്‍സ് 26,802 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. പത്തുമുന്‍നിര കമ്പനികളില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മാത്രമാണ് നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യത്തില്‍ 152 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എങ്കിലും വിപണി മൂല്യത്തില്‍ ഒന്നടങ്കം നോക്കിയാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *