ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ സിജെപിയെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് അഭിജിത് ദീപ്കെ. ഇതൊരു തുടക്കം മാത്രമെന്നും കോക്രോച്ച് ജനത പാർട്ടിക്ക് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അഭിജിത് ദീപ്കെ പ്രതികരിച്ചു. ഇന്നലെ നല്ല പോലെ ഉറങ്ങാൻ പറ്റി. കഴിഞ്ഞ 37 ദിവസം എല്ലാവർക്കും വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു.എല്ലാവരും ഞങ്ങളെ സംശയിച്ചപ്പോൾ നിങ്ങൾ ഞങ്ങൾക്കൊപ്പം നിന്നു. വിമർശിച്ചവർക്ക് നന്ദി. നിങ്ങളുടെ വിമർശനം കാരണമാണ് ഞങ്ങൾ മെച്ചപ്പെട്ടത്. ഇന്നലെ എല്ലാവരോടും നന്ദി അറിയിക്കാൻ പറ്റിയില്ല. താൻ ടൈഫോയിഡ് ബാധിതനാണെന്നും അഭിജിത് ദീപ്കെ പറഞ്ഞു. സിജെപി നേതൃത്വം SFIക്കും AISFനും നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തു.
പന്ത്രണ്ട് വർഷത്തിനിടയിൽ ഒരു പ്രതിപക്ഷ പാർട്ടിക്ക് ചെയ്യാൻ കഴിയാതെ പോയതാണ് ഒന്നരമാസം കൊണ്ട് കോക്ക്രോച്ച് ജനതാ പാർട്ടി ചെയ്തുകാണിച്ചത്. കേവലം പാറ്റകളെന്ന വിളിയിലെ അപമാനത്തിൽ നിന്ന് ഉയർന്ന് പറന്ന് വെന്നിക്കൊടി പാറിച്ചവർ. യുവാക്കളിലെ ഒരു വിഭാഗത്തെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉദ്ദേശിച്ചതെങ്കിലും ആ വിളി മൊത്തം യുവത്വത്തിനും ഇന്ധനമായി തീർന്നു
ഒരു രാഷ്ട്രീയപാർട്ടിയുടെ കവചമില്ലാതെ കൃത്യമായ രാഷ്ട്രീയം തന്നെ മുന്നോട്ടു വെച്ചാണ് സിജെപിയുടെ യാത്ര. സാമൂഹ്യ മാധ്യമത്തിൻ്റെ കൃത്യമായ ഉപയോഗം, ലക്ഷ്യങ്ങൾ ചിതറിപ്പോകാതെ ഒരൊറ്റ കാര്യത്തിലൂന്നിയുള്ള പ്രക്ഷോഭം, നേതാവിനപ്പുറം യുവജനത്തെ ഉയർത്തിക്കാട്ടിയുള്ള പ്രചാരണവും ആണ് സിജെപിയുടെ സക്സസ് ഫാക്ടറുകൾ. കോക്ക്രോച്ച് എന്ന വിളി ഒരു പ്രതിരോധമായപ്പോൾ ധർമ്മേന്ദ്രപ്രധാന്റെ രാജി എന്ന ഒരൊറ്റ ആവശ്യത്തിൽ അവർക്ക് ഉറച്ചുനിൽക്കാൻ സാധിച്ചു. ഇൻസ്റ്റഗ്രാമിന്റെ മികച്ച രീതിയിലുള്ള ഉപയോഗം യുവജനത്തെ ജന്തർ മന്തറിലേക്ക് ആകർഷിച്ചു. എല്ലാത്തിനും മുകളിൽ സോനം വാങ്ചുക്കിൻ്റെ നിരാഹാര സമരമെന്ന വൈകാരികതയും അവർക്ക് അനുകൂലമായി ഭവിച്ചു. ഭാവിയുടെ വോട്ടർമാരെ ഒപ്പം കൂട്ടി സിജെപി ഒരു അജണ്ട ഉണ്ടാക്കിയെടുത്തപ്പോൾ പ്രതിപക്ഷ പാർട്ടികൾക്കും അവരുടെ പുറകെ പോകേണ്ടി വന്നു.
