തൊടുപുഴയിൽ പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തരം രീതികൾ വെച്ചുപൊറുപ്പിക്കാൻ ആകില്ല. സംഭവത്തിൽ എസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി എടുക്കും. നാട്ടുകാർക്കെതിരെ പൊലീസ് കേസടുത്തതും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡ്യൂട്ടിക്കിടെ മദ്യപിച്ചുവെന്ന് ആരോപിച്ച പൊലിസുകാരെ തടഞ്ഞുവെച്ച സംഭവത്തിൽ 200 പേർക്കെതിരേ കേസ്. സിപിഐഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ കണ്ടാലറിയുന്നവർക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൺപതോളം പേരെ പ്രതി ചേർത്തിട്ടുണ്ട്. അന്യായമായി സംഘം ചേരൽ, , കൃത്യനിർവഹണം തസ്സപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ റോയ് സുകുമാരനെയും ഡ്രൈവറെയുമാണ് കഴിഞ്ഞദിവസം നാട്ടുകാർ തടഞ്ഞുവെച്ചത്. ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പികളും ചീട്ടും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയിരുന്നു.
തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ കാണാനായി ആളുകൾ ഒത്തുകൂടിയ സ്ഥലത്തായിരുന്നു നാടകീയ സംഭവങ്ങൾ. ഇരുവരും ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയെന്ന പരാതിയെത്തുടർന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് വാഹനം തടയുകയായിരുന്നു.
