മാനന്തവാടി: വയനാട് സഹോദയ സ്‌കൂള്‍സ് കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ ഹില്‍ ബ്ലൂംസ് സ്‌കൂള്‍, മാനന്തവാടി ആതിഥേയത്വം വഹിച്ച് പയ്യമ്പള്ളി ഡബ്ല്യു.എസ്.സി.സി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച 2026-27 സിബിഎസ്ഇ വയനാട് ജില്ലാ സഹോദയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയിലെ വിവിധ സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അണ്ടര്‍ 12, അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലായി മത്സരിച്ചു. ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ 34 പോയിന്റുകള്‍ നേടിയ ഹില്‍ ബ്ലൂംസ് സ്‌കൂള്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും ഓവറോള്‍ ചാമ്പ്യന്‍മാരായി. 28 പോയിന്റുമായി ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മീനങ്ങാടി രണ്ടാം സ്ഥാനവും 24 പോയിന്റുമായി ദി ഗ്രീന്‍ഹില്‍സ് സ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനത്തില്‍ വയനാട് സഹോദയ സെക്രട്ടറി കൂടിയായ നിര്‍മ്മല മാതാ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീത തമ്പി, ഹോളി ഫേസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റോബിന്‍ സെബാസ്റ്റ്യന്‍, സിറ്റി കോഓര്‍ഡിനേറ്റര്‍ ജോസഫ് പി. യു., ഡി പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, റഫറിമാരായ സനില്‍ രാജ്, ജേക്കബ് സെബാസ്റ്റ്യന്‍, ജെറില്‍, അക്കാദമിക് ഡയറക്ടര്‍ റിയ ജോര്‍ജ് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിന് സഹോദയ പ്രസിഡന്റ് സീറ്റ ജോസ്, ജോയിന്റ് കണ്‍വീനര്‍മാരായ കമല, മോഹനന്‍, കോഓര്‍ഡിനേറ്റര്‍മാരായ സംഗീത ജോസ്, സന്ധ്യ, ശ്രുതി കെ. ജി., സ്മിത പി. പി., അശ്വിന്‍, സുഭിക്ഷ യു. കെ., സിബി, അനുപമ എന്നിവര്‍ നേതൃത്വം നല്‍കി.
