Breaking
Sat. Jul 11th, 2026

മാനന്തവാടിയില്‍ പഴകിയ ഭക്ഷണവില്‍പ്പന വ്യാപകം: ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയും കണ്ണടയ്ക്കുന്നു: ബി.എം.എസ്

മാനന്തവാടി: മാനന്തവാടി നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് തുടര്‍ച്ചയായി പഴകിയതും ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷണസാധനങ്ങള്‍ പിടികൂടുന്ന സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബി.എം.എസ് മാനന്തവാടി മേഖലാ കമ്മിറ്റി രംഗത്ത്. നഗരസഭ ആരോഗ്യ വിഭാഗം ഇടയ്ക്കിടെ പരിശോധന നടത്തി പിഴ ചുമത്തുന്നുണ്ടെങ്കിലും, ഒരേ ഹോട്ടലുകളില്‍ തന്നെ ഈ നിയമലംഘനം തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ തുടര്‍നടപടികള്‍ സ്വീകരിക്കാത്തതുകൊണ്ടാണെന്ന് കമ്മിറ്റി ആരോപിച്ചു. പേരിനുമാത്രം നടക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ ഇത്തരം നിയമലംഘകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനമായി മാറുകയാണ് ചെയ്യുന്നത്. കൃത്യമായ ഇടവേളകളില്‍ കര്‍ശനമായ പരിശോധനകളോ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളോ ഉണ്ടാകുന്നില്ലെന്നും ബി.എം.എസ് കുറ്റപ്പെടുത്തി.

നഗരത്തില്‍ വൈകുന്നേരങ്ങളില്‍ സജീവമാകുന്ന തട്ടുകടകളില്‍ യാതൊരുവിധ ആരോഗ്യഗുണനിലവാര പരിശോധനകളും അധികൃതര്‍ നടത്തുന്നില്ല. ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്ന ഭൂരിഭാഗം തൊഴിലാളികള്‍ക്കും നിയമപ്രകാരം നിര്‍ബന്ധമുള്ള ഹെല്‍ത്ത് കാര്‍ഡുകള്‍ ഇല്ലെന്നത് ജനങ്ങളുടെ ആരോഗ്യത്തെ വലിയ രീതിയില്‍ പന്താടുന്നതിന് തുല്യമാണ്. മാനന്തവാടി നഗരത്തെ സജീവമാക്കുന്ന എഴുന്നൂറ്റമ്പതിലധികം വരുന്ന ഓട്ടോറിക്ഷ തൊഴിലാളികളും കൂടാതെ ബസ്സ് ടാക്‌സി തൊഴിലാളികളും ചുമട്ടുതൊഴിലാളികളും തങ്ങളുടെ നിത്യേനയുള്ള ആഹാരത്തിനായി ആശ്രയിക്കുന്നത് പ്രധാനമായും നഗരത്തിലെ ഈ ഹോട്ടലുകളെയാണ്. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യം സാധാരണക്കാരായ തൊഴിലാളികള്‍ക്കുള്ളില്‍ വലിയ രീതിയിലുള്ള ആരോഗ്യ ആശങ്കയാണ് ഉണ്ടാക്കുന്നത്.

ഇതിനുപുറമേ, ഇന്ധനവില വര്‍ദ്ധനവിന്റെ പേര് പറഞ്ഞ്, യാതൊരുവിധ മാനദണ്ഡവുമില്ലാതെ ഹോട്ടല്‍ ഉടമകള്‍ ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കാന്‍ തയ്യാറാകാത്തവര്‍ തന്നെയാണ് വിലക്കയറ്റത്തിലൂടെ പൊതുജനങ്ങളെ പരസ്യമായി ചൂഷണം ചെയ്യുന്നത്. ഇതിനെതിരെയും അധികൃതര്‍ പൂര്‍ണ്ണമായി കണ്ണടച്ചിരിക്കുകയാണ്. പൊതുജനാരോഗ്യത്തെയും തൊഴിലാളികളുടെ ക്ഷേമത്തെയും ബാധിക്കുന്ന ഇത്തരം ഗുരുതരമായ വിഷയങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയും പുലര്‍ത്തുന്ന നിസ്സംഗത അടിയന്തരമായി അവസാനിപ്പിക്കണമെന്നും, ഹോട്ടലുകളിലെ ഭക്ഷണ ഗുണനിലവാരവും അമിതവിലയും നിയന്ത്രിക്കാന്‍ അധികൃതര്‍ ശക്തമായി ഇടപെടണമെന്നും ബി.എം.എസ് മാനന്തവാടി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ സന്തോഷ് ജി നായര്‍, അരുണ്‍ എം ബി, റെനീഷ് എം കെ തുടങ്ങിയവര്‍ സംസാരിച്ചു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *