മാനന്തവാടി: തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി പ്രത്യേക ജനന സര്‍ട്ടിഫിക്കറ്റ് അദാലത്ത് (സ്‌പെഷ്യല്‍ െ്രെഡവ്) സംഘടിപ്പിച്ചു. ജില്ലയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു അടിയന്തിര അദാലത്ത് നടക്കുന്നത്.സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം തികയ്ക്കുന്നതിനായി പലരെയും ചേര്‍ത്തിട്ടുണ്ടെങ്കിലും, ഇവര്‍ക്ക് ശരിയായ രീതിയിലുള്ള ജനന സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമല്ലെന്ന പരാതി വ്യാപകമായിരുന്നു. ഇത് കുട്ടികളുടെ ഉപരിപഠനം ഉള്‍പ്പെടെയുള്ള ഭാവികാര്യങ്ങള്‍ക്ക് വലിയ തടസ്സം സൃഷ്ടിച്ച സാഹചര്യത്തിലാണ് നഗരസഭയുടെ അടിയന്തിര ഇടപെടല്‍.നഗരസഭാ ഹാളില്‍ വെച്ച് ലളിതമായ നടപടിക്രമങ്ങളിലൂടെ രേഖകള്‍ പരിശോധിച്ച് അപ്പോള്‍ത്തന്നെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അദാലത്തില്‍ നൂറോളം പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് വരും ദിവസങ്ങളിലും രേഖകള്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ സ്‌പെഷ്യല്‍ െ്രെഡവ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ലേഖാ രാജീവന്‍, പി.വി. ജോര്‍ജ്, കൗണ്‍സിലര്‍മാരായ റസീന സിദ്ദീഖ്, പി.കെ. ഹംസ, നഗരസഭ ജനന മരണ വിഭാഗം രജിസ്ട്രാര്‍ എസ്. ഷൈജു, സബ് രജിസ്ട്രാര്‍ എ. തുഷാര, ജെ.എച്ച്.ഐ.മാരായ അശ്വതി രാജന്‍, കെ.വി. അശ്വതി, നഗരസഭ ജീവനക്കാരായ ഡോമിനിക് ലോബോ, പി.എസ്. വിപിന്‍, സുമി, റോജി എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.
