ആലപ്പുഴയിൽ നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയത് എസ്പി ഷൗക്കത്തലി. ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നതായി റിപ്പോർട്ടിൽ സ്ഥരീകരണം. എ.ഡി.ജി.പി എംആർ അജിത് കുമാർ പറഞ്ഞിട്ടാണ് തിരുത്തൽ നടത്തിയത്. തെളിവില്ലന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നുവെന്നും റിപ്പോർട്ട്. മുൻ അന്വേഷണ സംഘത്തിൻ്റെ മൊഴിയാണ് ഉൾപ്പെടുത്തിയത്. അജിത് കുമാർ എ.ഡി.ജി.പി ഓഫീസിലേക്ക് വിളിച്ചു വരുത്തി റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചെന്നാണ് മൊഴി.
2023 ഡിസംബറിലാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്ക് കേസിൽ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. പ്രതികളെ എസ്ഐടി മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിൽ പ്രധാന ചോദ്യങ്ങളോട് പൂർണ നിസഹകരണമാണ് പ്രതികൾ പുലർത്തിയത്. മർദിക്കാൻ ഉപയോഗിച്ച ലാത്തിക്ക് സമാനമായ ചൂരൽ വടി എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് ഇതുവരെ മറുപടി നൽകിയില്ല. അക്രമത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക ചോദ്യാവലി തയാറാക്കിയാണ് എസ്ഐടി ചോദ്യം ചെയ്യൽ നടത്തിയത്. പ്രതികളുടെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
