Breaking
Mon. Jun 22nd, 2026

ലമീൻ യമാൽ ഇറങ്ങി 10ാം മിനിറ്റിൽ ​ഗോളും വന്നു; 4 അടിയിൽ സൗദിയെ തകർത്ത് സ്പെയിൻ

അറ്റ്ലാന്റ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കാബോ വെർദെയ്ക്കെതിരെ പരുങ്ങിയ മുൻ ചാംപ്യൻമാരായ സ്പെയിൻ രണ്ടാം പോരാട്ടത്തിൽ 4 ​ഗോളടിച്ച് സൗദി അറേബ്യയെ തകർത്തെറിഞ്ഞു. ലമീൻ യമാൽ ഇത്തവണ സ്റ്റാർട്ടിങ് ഇലവനിൽ ഇറങ്ങിയതിന്റെ മാറ്റം തുടക്കം മുതൽ തന്നെ കണ്ട്. ഇറങ്ങി പത്താം മിനിറ്റിൽ തന്നെ താരം ​ഗോൾ നേടി. ലോകകപ്പിലെ തന്റെ ആദ്യ ​ഗോൾ കൂടിയാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ 30 മിനിറ്റിൽ പന്ത് തൊടാൻ പോലും കിട്ടാതെ നാണക്കേടിന്റെ റെക്കോർഡുമായി നിന്ന ഒയർസബാൽ ഇത്തവണ ഇരട്ട ​ഗോളും നേടി. ഒരു ​ഗോൾ സൗ​ദി താരത്തിന്റെ ഓൺ ​ഗോളുമായി. സൗദി ഡിഫൻഡർ ഹസ്സൻ അട്ടാംബക്റ്റി ഓൺ ​ഗോൾ സമ്മാനിച്ചത്.

യമാലാണ് സ്പെയിനിന്റെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയിൽ സ്‌പെയിനിന്റെ സമ്പൂർണ ആധിപത്യം കണ്ട മത്സരം കൂടിയായിരുന്നു. പത്താം മിനിറ്റിൽ ഒയർസബാലിന്റെ പാസിൽ നിന്നാണ് യമാൽ സ്‌കോർ ചെയ്തത്. ഇതോടെ സ്‌പെയിൻ തങ്ങളുടെ ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചു. 21, 24 മിനിറ്റുകളിൽ ഒയർസബാൽ സ്‌പെയിനിന്റെ ലീഡുയർത്തി.

രണ്ടാം പകുതി തുടങ്ങി 49ാം മിനിറ്റിൽ സ്പാനിഷ് ഡിഫൻഡർ മാർക് കുക്കുറേയയുടെ ഷോട്ട് തടുക്കുന്നതിനിടെ സൗദിയുടെ ഹസ്സൻ അലട്ടാംബക്റ്റിയുടെ കാലിൽ തട്ടി പോസ്റ്റിലേക്ക് കയറുകയായിരുന്നു. മത്സരത്തിൽ പൂർണമായും ആധിപത്യം പുലർത്തിയ സ്‌പെയിൻ പത്തോളം ഓൺ ടാർഗറ്റ് ഷോട്ടുകളാണ് മത്സരത്തിൽ പുറത്തെടുത്തത്.

ആദ്യ മത്സരത്തിൽ കാബോ വെർദെയോട് സമനില വഴങ്ങിയ സ്പെയ്നിന് ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. ആദ്യ കളിയിൽ നിന്നു വ്യത്യസ്തമായി മൂന്ന് മാറ്റങ്ങളോടെയാണ് സ്‌പെയിൻ ഇറങ്ങിയത്. യമാലും ഡാനി ഓൽമോയും അലക്സ് ബേനയും ആദ്യ ഇലവനിൽ ഇറങ്ങി. ജയത്തോടെ സ്പെയിൻ നോക്ക്ഔട്ട് സാധ്യതകൾ നിലനിർത്തി. ഉറു​ഗ്വെ ആണ് സ്‌പെയിനിന്റെ അടുത്ത മത്സരത്തിലെ എതിരാളികൾ.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *