Breaking
Mon. May 25th, 2026

ചാറ്റ് ജിപിറ്റിയോട് ചോദിച്ചു, ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് മറുപടി; വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ

വിവാഹ മോചനം പല കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ചാറ്റ് ജിപിടി പറഞ്ഞതുകൊണ്ട് വിവാഹ മോചനം ചെയ്യുന്നത് ഇതാദ്യമായിരിക്കാം. ചാറ്റ് ബോട്ടിന്റെ വാക്കുകള്‍ കേട്ട് ഗ്രീസില്‍ നിന്നുള്ള യുവതിയാണ് 12 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് എഐ ചാറ്റ്ബോട്ടിന്റെ പ്രവചനം വിശ്വസിച്ച് യുവതി വിവാഹമോചനത്തിന് അപേക്ഷ നല്‍കി.

കാപ്പി കുടിച്ചശേഷം കപ്പില്‍ അവശേഷിക്കുന്ന കാപ്പിപ്പൊടി ഉപയോഗിച്ച് ഭാവി പ്രവചിക്കുന്ന പുരാതന രീതിയായ ടാസിയോഗ്രാഫിയുടെ ആധുനിക പതിപ്പായി യുവതി ചാറ്റ് ജിപിറ്റിയെ സമീപിക്കുകയായിരുന്നുവെന്ന് ഗ്രീക്ക് സിറ്റി ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

12 വര്‍ഷത്തിലേറെയായി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി തന്റേയും ഭര്‍ത്താവിന്റെയും കാപ്പി കപ്പുകളിലെ അവശേഷിക്കുന്ന അടയാളങ്ങളുടെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്തു. അവ വ്യാഖ്യാനിക്കാന്‍ ചാറ്റ് ജിപിറ്റിയോട് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇവരുടെ കുടുംബം തകര്‍ക്കുന്ന ഉത്തരമാണ് ചാറ്റ് ജിപിറ്റി നല്‍കിയത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവര്‍ നിങ്ങളുടെ കുടുംബം തകര്‍ക്കുമെന്നും ചാറ്റ് ജിപിറ്റി യുവതിയോട് പറഞ്ഞു. കൂടാതെ ഭര്‍ത്താവിന് ബന്ധമുള്ള സ്ത്രീയുടെ പേര് തുടങ്ങുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ ‘ഇ’ എന്ന അക്ഷരത്തിലാണെന്നും ചാറ്റ് ബോട്ട് പ്രവചിച്ചു.

ഇക്കാര്യം ഭര്‍ത്താവിനോട് പങ്കുവെച്ച യുവതി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവ് ഇത് ഗൗരവമായി എടുത്തിരുന്നില്ല. ഈ അസംബന്ധം കേട്ട് തനിക്ക് ചിരിയാണ് വന്നതെന്നും തമാശയായി മാത്രമാണ് ഇതിനെ കണ്ടതെന്നും ഭര്‍ത്താവ് പറയുന്നു. എന്നാല്‍ ഭാര്യ തന്നോട് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും തങ്ങള്‍ വിവാഹമോചിതരാകാന്‍ പോകുകയാണെന്ന് മക്കളോടും പറയുകയും ചെയ്തതോടെയാണ് താന്‍ ഇതിന്റെ ഗൗരവം മനസിലാക്കിയതെന്നും ഭര്‍ത്താവ് പറയുന്നു.

സോഷ്യല്‍ മീഡിയയിലെ വൈറല്‍ ട്രെന്‍ഡുകളോടുള്ള ഭാര്യയുടെ ഭ്രമമാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നും ഭര്‍ത്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. അഭിഭാഷകന്റെ ഫോണ്‍കോള്‍ വന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം തനിക്ക് മനസിലായതെന്നും വിവാഹമോചന നോട്ടീസ് ഔദ്യോഗികമായി നല്‍കിയെന്നും ഭര്‍ത്താവ് പറയുന്നു.

ഗ്രീസിലെ സോഷ്യല്‍ മീഡിയയില്‍ ഈ വിവാഹ മോചന കേസ് ഒട്ടേറെ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. എഐ നിര്‍മിതമായ ഒരു കാപ്പി കപ്പ് വായനയിലൂടെ വിവാഹേതര ബന്ധം കണ്ടെത്തി എന്ന് തെളിവായി സ്വീകരിക്കാനാകില്ലെന്ന് ഭര്‍ത്താവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എഐ നിര്‍മിതമായ ഇത്തരം അവകാശവാദങ്ങള്‍ക്ക് കോടതിയില്‍ നിലനില്‍പ്പില്ലെന്ന് നിയമ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *