Breaking
Wed. Jun 17th, 2026

വയനാട്ടിലെ ടൂറിസം സംഘടനകളെ കോർത്തിണക്കി വയനാട് ചേംബർ ഓഫ് ടൂറിസം നിലവിൽ വന്നു

മാനന്തവാടി: വയനാട്ടിലെ വിവിധ ടൂറിസം സംഘടനകളെ ഏകോപിപ്പിക്കുന്ന സംയുക്ത കൂട്ടായ്മയായ വയനാട് ചേംബർ ഓഫ് ടൂറിസം നിലവിൽ വന്നു. ജില്ലയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളും വികസന സാധ്യതകളും സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിനായി ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് സംഘടന അറിയിച്ചു.

മാനന്തവാടിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വയനാട് ജില്ലയിലെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന അധിഷ്ഠാനങ്ങളിലൊന്നായ ടൂറിസം മേഖല സമീപകാലത്ത് നിരവധി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ജില്ലയിലെ വിവിധ ടൂറിസം സംഘടനകൾ ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

ടൂറിസം മേഖലയെ ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിക്കേണ്ടതിന്റെ ആവശ്യകത, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സൗകര്യക്കുറവ്, കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള പ്രതിസന്ധികൾ, വിപണന രംഗത്തെ വെല്ലുവിളികൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. അതോടൊപ്പം വയനാടിന്റെ പ്രകൃതി സൗന്ദര്യം, സാഹസിക ടൂറിസം, തീർത്ഥാടന ടൂറിസം, ഗ്രാമീണ ടൂറിസം, കാർഷിക ടൂറിസം, ഹെറിറ്റേജ് ടൂറിസം തുടങ്ങിയ മേഖലകളിലെ സാധ്യതകൾ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്കും രൂപം നൽകി.

സംസ്ഥാന മന്ത്രിമാരെയും ജില്ലയിലെ എംപിമാരെയും എംഎൽഎമാരെയും മറ്റ് ജനപ്രതിനിധികളെയും നേരിൽ കണ്ട് ടൂറിസം മേഖലയിലെ പ്രധാന ആവശ്യങ്ങളും നിർദേശങ്ങളും സമർപ്പിക്കാനും വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.

വയനാട്ടിലെ ടൂറിസം മേഖലയിലെ എല്ലാ സംഘടനകളെയും പങ്കാളികളാക്കി ഏകീകൃത വികസനത്തിന് നേതൃത്വം നൽകുകയാണ് വയനാട് ചേംബർ ഓഫ് ടൂറിസത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ടൂറിസം സംരംഭകരുടെയും തൊഴിലാളികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, വയനാടിനെ ദേശീയ-അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിൽ കൂടുതൽ ശക്തമായി അടയാളപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും സംഘടന മുൻഗണന നൽകുമെന്ന് അവർ പറഞ്ഞു.

യോഗത്തിൽ അലിബ്രാൻ, മനു മത്തായി (ACTA), സുനിൽ, സുര്‍ജിത് (WTO), സൈഫ് വൈത്തിരി, യാസീൻ തോൽപ്പെട്ടി (WTA), ഗോപവർമ, സായൂജ് (WETA), വിനയൻ (NOVATO), വിനോദ് (HATS), സുരേഷ് കുറുവ എന്നിവർ സംസാരിച്ചു. ടൂറിസം മേഖലയിലെ വിവിധ വിഷയങ്ങളിൽ ഏകോപിതമായ ഇടപെടലുകൾ നടത്തുന്നതിനും തുടർ പ്രവർത്തനങ്ങൾക്കായുള്ള രൂപരേഖ തയ്യാറാക്കുന്നതിനും യോഗം തീരുമാനിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *