ഹൂസ്റ്റൺ: ആരാധകർ കാത്തിരുന്ന ജർമനി ഇതാ. ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനെത്തിയ ക്യുറസാവിനെ ഒന്നിനെതിരെ 7 ഗോളുകൾക്ക് തകർത്തെറിഞ്ഞ് ജർമൻ പവർഹൗസ് പ്രതാപ കാലത്തെ അനുസ്മരിപ്പിച്ച് ഫിഫ ലോകകപ്പിലെ ആദ്യ പോരാട്ടം ഗംഭീരമായി തന്നെ തൂക്കി. തുടക്കം മുതൽ ഒടുക്കം വരെ ആക്രമിക്കുക എന്ന 38കാരനായ ഈ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായ ജൂലിയൻ നാഗൽസ്മാന്റെ ഗഗൻപ്രസിങ് തന്ത്രം ജർമൻ പട സമർഥമായി തന്നെ മൈതാനത്ത് നടപ്പാക്കിയപ്പോൾ ക്യുറസാവിന്റെ കടും പ്രതിരോധ കോട്ട തവിടുപൊടിയായി.
ഈ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ പരിശീലകനായ 78കാരൻ ഡിക്ക് അഡ്വക്കാറ്റിന്റെ ടാക്റ്റിക്സുകളൊന്നും ജർമൻ മുന്നേറ്റത്തിനു തലവേദനയുണ്ടാക്കാൻ പര്യാപ്തമായില്ല. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ. ആദ്യ 45 മിനിറ്റിൽ 3-1 ആയിരുന്നു സ്കോറെങ്കിൽ രണ്ടാം 45 മിനിറ്റിൽ 4-0 എന്നായിരുന്നു സ്കോർ. ടോട്ടൽ സ്കോർ 7-1. ഓരോ 10 മിനിറ്റിന്റെ ഇടവേളയിലും ഒരു ഗോൾ എന്ന നിലയ്ക്കാണ് രണ്ടാം പകുതിയിൽ ജർമനി ക്യുറസാവ് വേട്ട നടത്തിയത്. വൻ പ്രതിരോധം തീർത്ത് കളിക്കുകയും തരം കിട്ടുമ്പോൾ കിടിലൻ കൗണ്ടർ അറ്റാക്കുകൾ നടത്തുകയും ചെയ്യുന്ന ക്യുറസാവ് സംഘം ജർമനിയുടെ കൂട്ട ആക്രമണത്തിൽ പതറിത്തെറിച്ചു പോയി.
ലോകകപ്പിലെ ഇത്തിരി കുഞ്ഞൻമാരായ ക്യുറസാവിനെതിരെ ജർമൻ സർവാധിപത്യമാണ് ആരാധകർ പ്രതീക്ഷിച്ചതെങ്കിൽ ആദ്യ 25 മിനിറ്റിനിടെ മറിച്ചാണ് കാര്യങ്ങൾ നടന്നത്. പതിവു പോലെ ജർമനിയുടെ ആക്രമണം തുടക്കം മുതൽ തന്നെ വന്നു. ആറാം മിനിറ്റിൽ അവർ ലീഡുമെടുത്തു. പെനാൽറ്റി ഏരിയ്ക്കു പുറത്തു നിന്നു കിട്ടിയ പന്ത് ഫെലിക്സ് മേച്ച ഫ്ലോറിയൻ വിയറ്റ്സിനു പാസ് നൽകിയ ശേഷം ബോക്സിനകത്തേക്ക് ഓടിക്കയറി. വിയറ്റ്സിന്റെ വൺ ടച്ചിൽ പന്ത് തിരികെ വാങ്ങിയ മേച്ച ക്യുറസാവ് പ്രതിരോധ താരങ്ങൾക്കിടയിലൂടെ പന്ത് പോസ്റ്റിലേക്ക് വഴി തിരിച്ചുവിട്ടു.
ഈ ഗോൾ വന്നതിനു ശേഷമാണ് ക്യുറസാവ് സംഘം തുടക്കത്തിലെ അങ്കലാപ്പിൽ നിന്നു ഉണർന്നത്. പിന്നാലെ ക്യുറസാവ് താരങ്ങൾ ജർമൻ ബോക്സിലേക്ക് ഇരച്ചു കയറാൻ തുടങ്ങി. ജർമനിയുടെ രണ്ടാം ഗോൾ ഇപ്പം വരും എന്നു ആരാധകർ പ്രതീക്ഷിച്ചു നിൽക്കെ ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ച് ക്യുറസാവ് തങ്ങളുടെ ആദ്യ ലോകകപ്പിലെ ആദ്യ കളിയുടെ 21ാം മിനിറ്റിൽ തന്നെ സമനില ഗോൾ കണ്ടെത്തി ജർമനിയുടെ നെഞ്ച് തകർത്തു. ലിവാനോ കോമനെൻസിയയാണ് ക്യുറസാവിന്റെ സമനില ഗോൾ വലയിലിട്ടത്. ലോകകപ്പിൽ ക്യുറസാവിനായി ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന ഒരിക്കലും മായ്ക്കാൻ സാധിക്കാത്ത അനുപമ നേട്ടവും താരം സ്വന്തമാക്കി. ജർമൻ പ്രതിരോധ താരങ്ങളുടെ പിഴവ് മുതലെടുത്തായിരുന്നു ലിവാനോ ഗോളടിച്ചത്. പെനാൽറ്റി ബോക്സിനു പുറത്തു നിൽക്കുയായിരുന്ന ലിവാനോ പ്രതിരോധപ്പിഴവ് സമർഥമായി തന്നെ മുതലെടുത്തു. മുന്നിലേക്ക് ഓടിക്കയറി പന്ത് പിടിച്ചെടുത്ത ലിവാനോ അതിവേഗം മുന്നോട്ടു വലയിലേക്ക് നീട്ടിയടിച്ചു. ഇതിഹാസ ഗോൾ കീപ്പർ മാനുവൽ നൂയർ പന്ത് പോയ ഇടത് ഭാഗത്തേക്ക് തന്നെ കറക്ടായി ഡൈവ് ചെയ്തെങ്കിലും താരത്തിന്റെ ഗ്ലൗസിൽ തട്ടി പന്ത് വലയിൽ.
സമനില വഴങ്ങിയതോടെ പിന്നീട് ജർമൻ പട ക്യുറസാവ് ബോക്സിലേക്ക് യാതൊരു മയവുമില്ലാതെ തുടരെ തുടരെ ഇരച്ചു കയറുന്ന കാഴ്ചയായിരുന്നു. 28ാം മിനിറ്റിൽ നിക്കോ ഷ്ളോട്ടർബെക്കിന്റെ മിന്നും ഹെഡ്ഡർ ക്യുറസാവ് ഗോൾ കീപ്പർ എലോയ് റൂം തട്ടിയകറ്റി.
38ാം മിനിറ്റിൽ ജർമനി രണ്ടാം ഗോൾ നേടി. കോർണറിൽ നിന്നു വന്ന പന്തിനെ നിക്കോ ഷ്ളോട്ടർബെക്ക് ഹെഡ്ഡറിലൂടെ വലയിലേക്ക് ചെത്തിയിട്ടു. നതാനിയേൽ ബ്രൗൺ എടുത്ത കോർണറാണ് ഗോളിനു വഴിയൊരുക്കിയത്. താരത്തിന്റെ ഉയർന്നു വന്ന പന്തിനെ ഷ്ളോട്ടർബെക്ക് ഹെഡ്ഡ് ചെയ്ത് വലയുടെ ഇടത് മൂലയിലേക്ക് ചെത്തിയിടുകയായിരുന്നു. അവിടെയൊന്നും നിൽക്കാൻ പക്ഷേ ജർമനി ഒരുക്കമായിരുന്നില്ല. ക്യുറസാവ് ആകട്ടെ ഇനി ഗോൾ വഴങ്ങാതിരിക്കാനുള്ള ശ്രമത്തിലുമായിരുന്നു.
എന്നാൽ കളി ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തേക്ക് പ്രവേശിച്ച ഘട്ടത്തിൽ ജർമനിയുടെ ഫെലിക്സ് മേച്ചയെ ക്യുറസാവ് താരം റിച്ചഡ്ലി ബസോർ ബോക്സിൽ വീഴ്ത്തിയതിനു ജർമനിക്ക് അനുകൂലമായി പെനാൽറ്റി കിട്ടി. കിക്കെടുത്ത കയ് ഹവെർട്സ് പിഴവില്ലാതെ പന്ത് വലയിലിട്ടതോടെ 3-1നു മുന്നിൽ എത്തിയാണ് ജർമനി ആദ്യ പകുതി തീർത്ത് കളം വിട്ടത്. അനായാസം കിക്കെടുത്ത ഹവെർട്സ് ക്യുറസാവ് ഗോൾ കീപ്പർ എലോയ് റൂമിനെ തെറ്റായ ദിശയിലേക്ക് ഡൈവ് ചെയ്യിച്ച ശേഷമാണ് പന്ത് വലയിലിട്ടത്. പിന്നാലെ ഹാഫ് ടൈമിനുള്ള വിസിലും മുഴങ്ങി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്കോർ നില മെച്ചപ്പെടുത്തി സുരക്ഷിതമായി തുടരാനാണ് ജർമനി തീരുമാനിച്ചത്. രണ്ടാം പകുതി തുടങ്ങി കൃത്യം ഒരു മിനിറ്റും 9 സെക്കൻഡും പിന്നിട്ട ഘട്ടത്തിൽ ജർമനി നാലാം ഗോളും നേടി. ബോക്സിന്റെ പുറത്ത് വലതു ഭാഗത്തു നിന്നു ക്യാപ്റ്റൻ ജോഷ്വ കിമ്മിച് നീട്ടി നൽകിയ പാസ് പിടിച്ചെടുത്ത് ജർമൻ യുവ മജീഷ്യൻ ജമാൽ മുസിയാല ബോക്സിന്റെ വലതു ഭാഗത്തു നിന്നു പന്ത് ബോക്സിന്റെ ഇടത് മൂലയിലേക്ക് നീട്ടിയടിച്ചു. ബയേൺ മ്യൂണിക്ക് മിഡ്ഫീൽഡർ ഗോൾ നേടുമ്പോൾ ക്യുറസാവ് ഗോളി റൂം തെറ്റായ ദിശയിലായിരുന്നു. ജർമൻ ജേഴ്സിയിൽ മുസിയാല നേടുന്ന പത്താം ഗോൾ കൂടിയാണിത്.
ആദ്യ പകുതിയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്ന ക്യുറസാവിന്റെ കൈയിൽ നിന്നു പൂർണമായും കളി കൈവിട്ടു പോകുന്നതിന്റെ തുടക്കമായിരുന്നു അത്. പിന്നീട് ഒരു ഘട്ടത്തിൽപ്പോലും അവർക്ക് ജർമൻ പാസിങ് ഗെയിമിന്റെ മൂഡ് തകർക്കാൻ സാധിച്ചതുമില്ല. പിന്നീടുള്ള ഓരോ പത്ത് മിനിറ്റ് ഇടവേളയിലും ജർമനി വല ചലിപ്പിച്ചു.
63ാം മിനിറ്റിൽ ജൊനാഥൻ ഥായുടെ ലോഫ്റ്റഡ് ത്രൂ ബോൾ കിട്ടിയ ലിറോയ് സനെയുടെ ഗോൾ ശ്രമം ഷൂട്ടിങ് പിഴവിൽ അവസാനിച്ചു. 64ാം മിനിറ്റിൽ ജമാൽ മുസിയാലയെ പിൻവലിച്ച് ജർമനി ക്ലിനിക്കൽ ഫിനിഷറും സ്ട്രൈക്കറുമായ ഡെന്നീസ് ഉണ്ടാവിനെ കളത്തിലിറക്കി. 67ാം മിനിറ്റിൽ ക്യുറസാവിന് ആദ്യ ഗോൾ സമ്മാനിച്ച ലിവാനോ കോമനൻസിയ രണ്ടാം ഗോൾ നേടി ക്യുറസാവിന് ആശ്വാസം പകരാൻ ശ്രമിച്ചു. താരത്തിന്റെ ഗോൾ വലയിലും കയറി. എന്നാൽ ഓഫ് സൈഡാണെന്നു കണ്ടെത്തി ഗോൾ അനുവദിച്ചില്ല. ക്യുറസാവ് താരം അർമാൻജോ ഒബിപ്സോ ആയിരുന്നു ഓഫ് സൈഡായത്.
പിന്നാലെ ജർമനിയുടെ അഞ്ചാം ഗോൾ വന്നു. 68ാം മിനിറ്റിൽ നതാനിയൽ ബ്രൗണാണ് സ്കോർ ചെയ്തത്. 76ാം മിനിറ്റിൽ ക്യുറസാവ് വീണ്ടും രണ്ടാം ഗോളിനു ശ്രമിച്ചു. ജേൾ മാർഗരീത്ത എടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. പക്ഷേ ജർമനിയെ സംബന്ധിച്ചു അതൊന്നും വലിയ വിഷയമായി തോന്നിയില്ല. അവർ ഗോളടി നിർത്തിയതുമില്ല.
78ാം മിനിറ്റിൽ ആറാം ഗോൾ. ജോഷ്വ കിമ്മിച് ഗോളടിക്കാൻ പാകത്തിൽ കൈമാറിയ പാസ് ഡെന്നീസ് ഉണ്ടാവ് ഗോളാക്കി മാറ്റി. ക്യുറസാവ് താരം ലിയാൻഡ്രോ ബകുന ഉണ്ടാവിന്റെ ഷോട്ട് പ്രതിരോധിക്കാൻ നോക്കി. ശക്തമായ ഷോട്ട് ഡിഫ്ലക്റ്റ് ചെയ്യാനും സാധിച്ചു. എന്നാൽ അതൊന്നും ഗോൾ തടയാൻ പര്യാപ്തമായില്ല. ഷോട്ട് നേരെ വലയിൽ തന്നെ പതിച്ചു.
78ാം മിനിറ്റിൽ കയ് ഹവെർട്സ് മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി. ആറാം ഗോൾ നേടിയ ഡെന്നീസ് ഉണ്ടാവാണ് അസിസ്റ്റ്. പ്രതിരോധിക്കാനെത്തിയ ക്യുറസാവ് താരം ഗർവെൻ കാസ്റ്റനീറിനെ മറികടന്ന് ഗോൾ കീപ്പർ എലോയ് റൂമിന്റെ തലയ്ക്ക് മുകളിലൂടെ ഹവെർട്സ് പന്ത് അനായാസം വലയിലേക്ക് ചിപ്പ് ചെയ്ത് ഗോളാക്കി പട്ടിക തികച്ചു. അവസാന പത്ത് മിനിറ്റിൽ ഗോൾ വന്നില്ലെന്നു മാത്രം ക്യുറസാവിനു ആശ്വസിക്കാൻ വക കിട്ടി.
ഗോൾ ലക്ഷ്യമിട്ട് ജർമനി 26 തവണയാണ് ക്യുറസാവ് ബോക്സിലേക്ക് ഇരച്ചെത്തിയത്. ഇതിൽ 11 എണ്ണം ലക്ഷ്യത്തിലേക്ക് തന്നെ അവർ തൊടുത്തു. അതിൽ 7 ഗോളുകളും വന്നു. സനെ അടക്കമുള്ള താരങ്ങളുടെ ലക്ഷ്യമില്ലായ്മ കൂടി ഇല്ലായിരുന്നെങ്കിൽ സ്കോർ നില ഇവിടെയൊന്നും നിൽക്കില്ലായിരുന്നു.
