Breaking
Sun. Sep 6th, 2026

‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറി: എം ആര്‍ അജിത്കുമാറിന്റെ ഓഫിസിലെ 2 എസ്‌ഐമാരെ ചോദ്യം ചെയ്യും; ഹാജരാകാൻ നോട്ടീസ്

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ഓഫിസിലെ രണ്ട് എസ്‌ഐമാരെ ഇന്ന് ചോദ്യം ചെയ്യും. ഗ്രേഡ് എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരോട് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫിസില്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചിരുന്നത് ഈ ഉദ്യോഗസ്ഥരാണ്.

അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചത് മുന്‍ അന്വേഷണ ഉദ്യോഗസ്ഥരാണ്. ഗണ്‍മാന്‍മാര്‍ക്കെതിരെ തെളിവില്ല എന്ന് റിപ്പോര്‍ട്ട് നല്‍കാനായി ഉന്നത തലത്തില്‍ നിന്ന് സമ്മര്‍ദമുണ്ടായി. തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച്, എഡിജിപി ഓഫിസില്‍ ചുമതലയുണ്ടായിരുന്ന എസ്‌ഐമാര്‍ റിപ്പോര്‍ട്ട് ഇത്തരത്തില്‍ മാറ്റണമെന്ന് നിര്‍ദേശിച്ചുവെന്നാണ് ആരോപണം. സമ്മര്‍ദം താങ്ങാനാകാതെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യമുണ്ടായെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ യാഥാര്‍ഥ്യം അറിയാനായുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.

എം ആര്‍ അജിത്കുമാര്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയിരിക്കെ, ആ ഓഫിസില്‍ ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ഇന്‍സ്‌പെക്ടര്‍മാരും ഗ്രേഡ് എസ്‌ഐമാരും കേസ് ഫയലുകള്‍ പരിശോധിക്കുകയും ഉദ്യോഗസ്ഥരെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരാണ് ഗിരീഷും ശ്രീകാന്തുമെന്നാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി.

നിലവില്‍ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന സംഘത്തിലെ അംഗമാണ് ഗിരീഷ്. ശ്രീകാന്തും ആദ്യഘട്ടത്തില്‍ ഈ സംഘത്തിലുണ്ടായിരുന്നു. നിലവില്‍ തൃശ്ശൂരിലാണ് ജോലി ചെയ്യുന്നത്. ഇരുവരുടേയും വാദം കേള്‍ക്കാനാണ് ഇന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിപ്പിച്ചത്. കേസില്‍ റിപ്പോര്‍ട്ട് തിരുത്താന്‍ താന്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നായിരുന്നു നേരത്തെ എം ആര്‍ അജിത്കുമാര്‍ പ്രതികരിച്ചത്. ഉദ്യോഗസ്ഥര്‍ ഇന്ന് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തില്‍ വ്യക്തത വരിക.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *