Breaking
Wed. Jun 3rd, 2026

ആരോഗ്യമേഖലയില്‍ കരുതലായി സാന്ത്വനം; സേവനങ്ങള്‍ വിപുലീകരിക്കുന്നു

മാനന്തവാടി: ആരോഗ്യമേഖലയില്‍ ജില്ല നേരിടുന്ന സവിശേഷമായ പ്രതിസന്ധികളെയും ആവശ്യങ്ങളെയും മുന്‍നിര്‍ത്തി ‘സാന്ത്വനം’ സേവനകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ക്ക് വയനാട് മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന ചടങ്ങില്‍ തുടക്കമായി. ചികിത്സാച്ചെലവുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന നിത്യരോഗികള്‍ക്ക് ഏറെ ആശ്വാസമാകുന്ന മെഡിക്കല്‍ കാര്‍ഡ് വിതരണം, പുതുതായി ആരംഭിച്ച ആംബുലന്‍സ് സര്‍വീസിന്റെ സമര്‍പ്പണം എന്നിവ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ത്വാഹാ സഖാഫി, മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ സി. കുഞ്ഞബ്ദുള്ള എന്നിവര്‍ നിര്‍വഹിച്ചു. ജില്ലയിലെ ആരോഗ്യമേഖലയിലെ സങ്കീര്‍ണ്ണമായ ആവശ്യങ്ങളെ കണ്ടെത്തുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമാവശ്യമായ പഠന പ്രവര്‍ത്തനങ്ങള്‍ക്കും ചടങ്ങില്‍ തുടക്കമായി. പഠനത്തിലെ കണ്ടെത്തലുകള്‍ കേന്ദ്രകേരള സര്‍ക്കാരുകളുടെ വിവിധ ഏജന്‍സികള്‍ക്ക് സമര്‍പ്പിക്കും.

ജില്ലയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവന സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ആവശ്യക്കാര്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും ആവശ്യമായ പ്ലാറ്റ്‌ഫോം സാന്ത്വനം മുന്‍കൈയെടുത്ത് വികസിപ്പിക്കും.
മെഡിക്കല്‍ കോളേജിനു പുറമെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗി പരിചരണം, ശുചീകരണ പ്രവര്‍ത്തനം എന്നിവ കൂടുതല്‍ വോളണ്ടിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി വിപുലീകരിക്കും. വയനാടിന്റെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലാണ് വരും വര്‍ഷങ്ങളില്‍ സാന്ത്വനം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും സാന്ത്വനം പ്രസിഡന്റ് എസ്.ശറഫുദ്ദീന്‍ പറഞ്ഞു. മൂന്നരക്കോടി രൂപയാണ് വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം സാന്ത്വനം ജില്ലയില്‍ ചെലവാക്കിയത്. 36,000 ആളുകള്‍ ഈ പദ്ധതികളുടെ ഗുണഭോക്താക്കളായി. വയനാട് മെഡിക്കല്‍ കോളജിന് കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐ.സി.എഫ് ഒരു കോടി രൂപ ചെലവില്‍ ഓക്‌സിജന്‍ പ്ലാന്റ് നല്‍കി. മെഡിക്കല്‍ കോളജില്‍ എല്ലാദിവസവും രാത്രി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണ വിതരണവും നടക്കുന്നുണ്ട്. 2014 മുതല്‍ വയനാട് മെഡിക്കല്‍ കോളജിലെത്തുന്ന രോഗികള്‍ക്ക് സഹായങ്ങളുമായി എസ്.വൈ.എസ് സാന്ത്വനം വളണ്ടിയര്‍മാര്‍ രാപ്പകല്‍ സേവനം ചെയ്യുന്നുണ്ട്.
ജില്ലയിലെ സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യപരമായ ആവശ്യങ്ങളെ കൂടുതല്‍ അടുത്തറിഞ്ഞുള്ള വിപുലമായ ജനക്ഷേമ പദ്ധതികളുമായി മുന്നോട്ടുപോകാനാണ് സാന്ത്വനം ലക്ഷ്യമിടുന്നത്. ജില്ലയിലെ സേവനസന്നദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാവശ്യമായ വിപുലമായ പശ്ചാത്തല സൗകര്യങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ കല്‍പ്പറ്റ ടി.യു. ടവറില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ജില്ലയിലെയും ജില്ലയ്ക്ക് പുറത്തേക്ക് ചികിത്സയ്ക്ക് പോകുന്നവരുമായ രോഗികള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ബന്ധപ്പെടാവുന്ന ഹെല്‍പ്‌ലൈന്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളതാണ് നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന സാന്ത്വനം സെന്റര്‍.
ചടങ്ങില്‍ എസ്.ശറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു.സയ്യിദ് അബൂബക്കര്‍ ചെറിയകോയ തങ്ങള്‍, കെ.ഒ. അഹമ്മദ് കുട്ടി ബാഖവി, ബഷീര്‍ സഅദി, സി.ടി. അബ്ദുല്‍ ലത്തീഫ്, കെ.എസ്. മുഹമ്മദ് സഖാഫി, സാന്ത്വാനം ജനറല്‍ സെക്രട്ടറി നൗശാദ് സി .എം,അമ്മദ് മാസ്റ്റര്‍, എസ്. അബ്ദുള്ള, ഉമര്‍ സഖാഫി കല്ലിയോട്, ഉമര്‍ സഖാഫി ചെതലയം ,അബ്ദുറശീദ് ഹസനി,അശ്ക്കര്‍ ചെറ്റപ്പാലം പ്രസംഗിച്ചു. വിവിധ സാമൂഹികസാംസ്‌കാരിക നേതാക്കളും ആരോഗ്യ സന്നദ്ധ സേവകരും പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *