ബെംഗളൂരുവിൽ ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് വിലക്ക്. ബൈക്ക് റാലികൾ , റോഡ് ഷോ, വൻതോതിൽ ആളുകൾ കൂടുന്ന പരിപാടികൾ എന്നിവ പാടില്ലെന്നാണ് ബെംഗളൂരു പൊലീസിന്റെ നിർദേശം. കഴിഞ്ഞ ജൂൺ 4 ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് പതിനൊന്ന് പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അനിഷ്ട സംഭവങ്ങൾ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി കടുത്ത നിയന്ത്രണങ്ങളാണ് നഗരത്തിലുടനീളം നടപ്പിലാക്കുന്നത്. നാളെയാണ് ഐപിഎൽ ഫൈനൽ മത്സരം നടക്കുന്നത്.
റോഡുകളിലേക്ക് അഭിമുഖമായി വലിയ എൽഇഡി വാളുകൾ സ്ഥാപിക്കാൻ പാടില്ല. നിലവിലുള്ള വലിയ സ്‌ക്രീനുകൾ മത്സരം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പരസ്യമായി പ്രദർശിപ്പിക്കാൻ ഉപയോഗിക്കരുതെന്നും, മാളുകൾ, പബ്ബുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറത്ത് വലിയ സ്ക്രീനുകൾ സ്ഥാപിക്കുന്നത് പൂർണ്ണമായി നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനും ഗുജറാത്ത് ടൈറ്റൻസിനും കിരീടത്തിൽ മുത്തമിടാൻ ഇനി ഈ ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രമാണ് ഉള്ളത്. നാളെ വൈകിട്ട് 7:30 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
