30.05.2026
താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ അർദ്ധരാത്രി പിന്നിട്ട് ഇന്ന് പുലർച്ചെ രണ്ടു മൂന്ന് മണി വരെ നീണ്ടുനിന്ന കനത്ത ബ്ലോക്കിന് ശേഷം, ഇന്ന് രാവിലെ മുതൽ വീണ്ടും ചുരം കയറുന്ന പാതയിൽ വാഹനങ്ങളുടെ വൻ നിരയാണ് ദൃശ്യമാകുന്നത്. ചുരം കയറാനുള്ള വശത്ത് വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണുള്ളത്. ഇന്നലെ വൈകിട്ട് മുതൽ ചുരത്തിലും വയനാടിന്റെ വിവിധ ഭാഗങ്ങളിലും പെയ്ത അതിശക്തമായ മഴ ദുരിതം ഇരട്ടിയാക്കി. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ചുരം കയറാൻ സാധിക്കാത്തതിനെ തുടർന്ന് ഇന്നലെ രാത്രി ഒരുപാട് യാത്രക്കാരാണ് അടിവാരത്തുനിന്നും യാത്ര ഉപേക്ഷിച്ച് മടങ്ങിപ്പോയത്. ഇന്ന് രാവിലെ മുതൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കൂട്ടത്തോടെ എത്തുന്നതിനാൽ ഇന്നും നാളെയും ഇതേ കുരുക്ക് തുടരാൻ തന്നെയാണ് സാധ്യത.
