Breaking
Mon. May 25th, 2026

തമിഴ്‌നാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം, വിജയ് വന്‍ഭൂരിപക്ഷത്തോടെ തിരിച്ചുവരും: ശ്രീധര്‍ വെമ്പു

ചെന്നൈ: തമിഴ്‌നാട്ടില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം മികച്ച വിജയം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ കേവല ഭൂരിപക്ഷത്തില്‍ നിന്ന് പത്തുസീറ്റ് അകലെയാണ്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടി വിജയ് പല വഴികളും തേടുന്നുണ്ടെങ്കിലും ഇതൊന്നും ഇപ്പോഴും ഫലവത്തായിട്ടില്ല. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സോഹോ സഹസ്ഥാപകന്‍ ശ്രീധര്‍ വെമ്പു.

‘സീറ്റുകളുടെ എണ്ണം ഒത്തുപോകുന്നില്ല. എങ്ങനെയെങ്കിലും ഒരു സര്‍ക്കാര്‍ രൂപീകരിച്ചാല്‍ തന്നെ അത് വിവിധ സമ്മര്‍ദ്ദങ്ങള്‍ കാരണം അസ്ഥിരമായിരിക്കാനാണ് സാധ്യത,’- തമിഴ്നാട് സ്വദേശിയായ വെമ്പു എക്‌സില്‍ കുറിച്ചു. സംസ്ഥാനത്തിന് ഇതിലും മികച്ചത് അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രാഷ്ട്രപതി ഭരണവും തുടര്‍ന്ന് പുതിയ തെരഞ്ഞെടുപ്പുമാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ഇത്തവണ ‘വോട്ടിന് പണമില്ല’ എന്ന നിബന്ധന കര്‍ശനമായി നടപ്പിലാക്കണം. അപ്പോള്‍ ആര്‍ക്കാണ് യഥാര്‍ത്ഥ ജനവിധി എന്ന് നമുക്ക് കാണാം. വീണ്ടും തെരഞ്ഞെടുപ്പ് നടന്നാല്‍ വിജയ് വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചുവരുമെന്നാണ് ഞാന്‍ കരുതുന്നത്. ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തിന് അത് തടയണമെന്നുണ്ടെങ്കില്‍ അവര്‍ ഒരുമിച്ച് പോരാടട്ടെ. ബിജെപി ഒറ്റയ്ക്ക് മത്സരിക്കണം, സീറ്റുകളൊന്നും ലഭിച്ചില്ലെങ്കില്‍ പോലും തമിഴ്നാട്ടില്‍ ബിജെപിക്ക് അതൊരു പുതിയ തുടക്കമായിരിക്കും. ജനങ്ങള്‍ വീണ്ടും തീരുമാനിക്കട്ടെ,’- വെമ്പു കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ 234ല്‍ 108 സീറ്റുകളാണ് ടിവികെ നേടിയത്. എങ്കിലും കേവല ഭൂരിപക്ഷത്തിന് (118) 10 സീറ്റുകള്‍ കൂടി വേണം. പിന്തുണ തേടി വിജയ് 5 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിനെയും, വിസികെ (VCK), സിപിഐ, സിപിഎം (ഓരോ പാര്‍ട്ടിക്കും 2 സീറ്റുകള്‍ വീതം) എന്നിവരെയും സമീപിച്ചിട്ടുണ്ട്. ബിജെപി സഖ്യകക്ഷിയായ പിഎംകെ (4 സീറ്റുകള്‍), എഐഎഡിഎംകെ എന്നിവരുമായും ടിവികെ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *